പാരമ്പര്യ സ്വത്തായി വസ്തുവും വീടും മാത്രമല്ല തേങ്ങയും കൈമാറാം. ആലപ്പുഴ ബീച്ച് വാർഡിലെ ദാറുൽ നാസർ എന്ന തറവാടിനാണ് ഈ അപൂർവ്വ കൈമാറ്റക്കഥ പറയാനുള്ളത്. ചരിത്രകഥയ്ക്ക് സാക്ഷിയായുള്ളത് നൂറുകൊല്ലം പഴക്കം കണക്കാക്കുന്ന നാളികേരവും ഓർമവച്ച നാൾ മുതൽ ഈ തേങ്ങ കാണുന്ന സൂക്ഷിപ്പുകാരനായ ഒ മുഹമ്മദ് നാസറിന്റെയും നാട്ടുകാരുടെയും സ്മരണകളുമാണ്.
ഏകദേശം നൂറ് വർഷം മുമ്പാണ് വണ്ടാനം നീർക്കുന്നം തെക്കേതിൽ ഹസൻകുട്ടി ആലപ്പുഴ കടൽത്തീരത്ത് പലവ്യഞ്ജനക്കട ആരംഭിച്ചത്. നല്ല കച്ചവടം കിട്ടാനും, കണ്ണേറ് കിട്ടാതിരിക്കാനുമായി ഒരു തങ്ങൾ മന്ത്രം ചൊല്ലി ഓതിയ തേങ്ങയും, കുപ്പിയിലെ മന്ത്രത്തകിടും കടയ്ക്കുള്ളിൽ തൂക്കിയിട്ടിരുന്നു. ഹസൻകുട്ടിയുടെ മരണത്തോടെ കടയുടെ ചുമതല മകൻ ഉമ്മർഹാജിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെയും മരണത്തോടെ മകൻ മുഹമ്മദ് നാസറിനായി (58) കടയുടെ നടത്തിപ്പ് ചുമതല.
1989ൽ ബൈപ്പാസിന് സ്ഥലം ഏറ്റെടുത്തതോടെ കടയ്ക്ക് സ്ഥാനമാറ്റമുണ്ടായി. കടൽത്തീരത്ത് തന്നെ പുതിയ കടമുറിയിലേക്ക് കച്ചവടം മാറ്റിയപ്പോഴും, നാളികേര മുത്തച്ഛനെ ഒപ്പം കൂട്ടി. ഇന്നും കൊച്ചുകടമുറിക്കുള്ളിൽ അതേ നാളികേരം ഭദ്രമായിരിക്കുന്നു. വർഷങ്ങളോളം കെട്ടിയിട്ടിരുന്നതുമൂലമുണ്ടായ നേരിയ വിള്ളലൊഴികെ,യാതൊരു തകരാറും നാളികേരത്തൊണ്ടിൽ കാണാനില്ല. ഒപ്പമുണ്ടായിരുന്ന കുപ്പിയും തകിടുമൊക്കെ കാലപ്പഴക്കത്തിൽ നശിച്ചു.
തൂക്കിയിടാനാവാത്തതിനാൽ കടയിലെ പലകപ്പുറത്താണിന്ന് നാളികേരം സൂക്ഷിക്കുന്നത്. കടയിലാകെ എലി ശല്യമുണ്ടെങ്കിലും, ഇന്നോളം നാളികേരത്തെ അക്രമിക്കാൻ അവ എത്തിയിട്ടില്ലെന്ന് നാസർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |