ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സുധാംഗൻ (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മാദ്ധ്യമപ്രവർത്തനത്തിൽ പുതിയ മാനങ്ങൾ തീർത്ത സുധാംഗൻ അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ചിരുന്നു.
1978ൽ തിസൈക്കൽ എന്ന തമിഴ് വാരികയിലൂടെയാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. പിന്നീട്, കുമുദം, ദിനമണി, തമിഴ് എക്സ്‌പ്രസ്, ജൂനിയർ വികടന എന്നിങ്ങനെ പ്രശസ്തമായ തമിഴ് വാരികളിലും പത്രങ്ങളിലും പ്രവർത്തിച്ചു. രാഷ്ട്രീയം മുതൽ സിനിമവരെ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്തു. അന്വേഷണാത്മക റിപ്പോർട്ടുകളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
രംഗരാജനെന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
ടെലിവിഷൻ മാദ്ധ്യമങ്ങൾ ചുവടുറപ്പിച്ചതോടെ രാജ് ടി.വി, വിജയ് ടി.വി, ജയ ടി.വി എന്നീ ചാനലുകളിലും അദ്ദേഹം പ്രവർത്തിച്ചു. നിരവധി യുവ മാദ്ധ്യമപ്രവർത്തകരെ പരിശീലിപ്പിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |