ആലപ്പുഴ: ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ടിരുന്ന ആലപ്പുഴയിലെ വെയർഹൗസ് ഗോഡൗൺ (വിദേശമദ്യ ഗോഡൗൺ) കഴിഞ്ഞ ദിവസം തുറന്നതോടെ ജില്ലയിലെ സ്ഥാപനങ്ങളിലേക്കുള്ള മദ്യവിതരണം പുനരാംഭിച്ചു. ഗോഡൗണിൽ നിന്ന് ഹരിപ്പാട്ടു മുതൽ തൈക്കാട്ടുശേരി വരെയുള്ള ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്കും ബാറുകൾക്കുമാണ് മദ്യം വിതരണം ചെയ്യുന്നത്. ഗോഡൗൺ അടച്ചതോടെ ചേർത്തലയ്ക്ക് വടക്കുള്ളവർക്ക് തൃപ്പൂണിത്തുറ, ആലുവ എന്നിവിടങ്ങളിലെ ഗോഡൗണുകളും ചേർത്തല മുതൽ തെക്കോട്ടുള്ള പ്രദേശത്തെ ബാറുകൾക്കും ഔട്ട്‌ലെറ്റുകൾക്കും തിരുവല്ലയിലെ ഗോഡൗണും ആയിരുന്നു ആശ്രയം.
ബെവ്കോ ആപ്പ് ഇല്ലാതെ ബാറുകളിൽ കൂട്ടത്തോടെ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ വെയർഹൗസ് ഗോഡൗണുകളിൽ നിന്ന് ബാറുകൾക്കുള്ള മദ്യം വിതരണത്തിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി കഴിഞ്ഞ ദിവസം ബിവറേജസ് എം.ഡി ഉത്തരവിറക്കിയിരുന്നു. സർക്കാർ ഔട്ട്‌ലെറ്റുകളേക്കാൾ കൂടുതൽ മദ്യം ബാറുകളിൽ നിന്ന് വിറ്റഴിക്കുന്നതായുള്ള പരാതികളെ തുടർന്നായിരുന്നു നടപടി. ബെവ്കോ ആപ്പ് വഴി ലഭിക്കുന്ന ടോക്കൺ ബാർ ഉടമകൾ ഹാജരാക്കുന്ന മുറയ്ക്ക്, ടോക്കൺ ഒന്നിന് മൂന്നു ലിറ്റർ എന്ന കണക്കിലാണ് ഗോഡൗണിൽ നിന്ന് മദ്യം കൈമാറുന്നത്.
ആപ്പിനെ നിലത്തടിച്ചു!
ജൂണിൽ നിലവിൽ വന്ന ബെവ്കോ ആപ്പിന്റെ അടിസ്ഥാനത്തിലാണ് ആദ്യനാളുകളിൽ മദ്യം ലഭിച്ചിരുന്നത്. ആപ്പിന് 'കാലപ്പഴക്കം' സംഭവിച്ചതോടെ ആപ്പില്ലാതെ എവിടെ നിന്നും മദ്യം ലഭിച്ചു തുടങ്ങി. ആലപ്പുഴ വെയർഹൗസിൽ നിന്ന് 11 ചില്ലറ വില്പനശാലകളും 30ൽ അധികം ബാറുകൾക്കുമാണ് മദ്യം വിതരണം നടത്തുന്നത്. സംസ്ഥാനത്തെ ഏത് ജില്ലയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളതിനാൽ മറ്റ് ജില്ലകളിലെ ബാറുകളിലേക്കും ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യുന്നുണ്ട്.
ഔട്ട്ലെറ്റുകൾക്ക് നിയന്ത്രണങ്ങളില്ല
ബാറുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും സർക്കാർ ഔട്ട്‌ലെറ്റുകൾക്ക് ഓർഡർ അനുസരിച്ച് മദ്യം ലഭിക്കും. ഒരു സ്ഥാപനത്തിന് 400 ടോക്കൺ വരെ പ്രതിദിനം ബുക്ക് ചെയ്യാം. തിരക്കില്ലാതെയും വേഗത്തിലും മദ്യം ലഭിക്കുമെന്നതിനാൽ ആളുകൾ ബാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സർക്കാർ വില്പന കേന്ദ്രങ്ങളിലേതിനു തുല്യമായ വിലയാണ് ബാറുകളിലും. അതുകൊണ്ടുതന്നെ 'ഉപഭോക്താക്കൾ' ചിതറിപ്പോവുകയായിരുന്നു.
"തിരക്കുമൂലം ഉണ്ടാകുന്ന കൊവിഡ് സമ്പർക്ക വ്യാപനം തടയാനാണ് ബാറുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ബെവ്കോ ആപ്പ് ഇല്ലാതെ മദ്യം വിൽക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കും"
എം.എൻ.ശിവപ്രസാദ്, അസി.എക്സൈസ് കമ്മിഷണർ, ആലപ്പുഴ
"തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശം അനുസരിച്ച് ബെവ്കോ ആപ്പ് ബുക്കിംഗ് ടോക്കൺ അളവിന് അനുസരിച്ചാണ് ബാറുകൾക്ക് കഴിഞ്ഞ വെള്ളിയാഴ്ചമുതൽ ഗോഡൗണിൽ നിന്ന് മദ്യ വിതരണം"
മാനേജർ, വെയർഹൗസ് ഗോഡൗൺ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |