കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ഏപ്രിൽ-ആഗസ്‌റ്റ് കാലയളവിൽ ക്ളെയിം ചെയ്‌ത ആരോഗ്യ ഇൻഷ്വറൻസുകളിൽ 11 ശതമാനവും കൊവിഡ് ചികിത്സയ്ക്ക്. 89 ശതമാനം ക്ളെയിമുകളും ഉണ്ടായത് കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കാണെന്ന് ഇൻഷ്വറൻസ് ടെക്‌നോളജി സ്ഥാപനമായ പോളിസിബസാർ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി.
കൊവിഡ് പശ്‌ചാത്തലത്തിൽ ആരോഗ്യ ഇൻഷ്വറൻസുകൾക്ക് വൻ ഡിമാൻഡാണ് ലഭിക്കുന്നത്. ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പുതു പോളിസികളിലെ വർദ്ധന 90 ശതമാനമാണ്. ജൂലായിൽ മാത്രം 130 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ മൂന്നുമാസക്കാലത്ത് എല്ലാ ആരോഗ്യ ഇൻഷ്വറൻസ് പോളിസികളും ഓൺലൈനിലാണ് നൽകിയത്. ഒരു കോടി രൂപ സം അഷ്വേർഡ് ഉള്ള പോളിസിയുടെ ഡിമാൻഡ് വളർച്ച മൂന്നു ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ഉയർന്നുവെന്നും പോളിസിബസാർ വ്യക്തമാക്കി.
കൊവിഡ് പോളിസികളുടെ
കാലാവധി നീട്ടിയേക്കും
കൊവിഡ് കാലത്ത് ഇൻഷ്വറൻസ് കമ്പനികൾ അവതരിപ്പിച്ച കൊറോണ കവച്, കൊറോണ രക്ഷക് പോളിസികളുടെ കാലാവധി ഇൻഷ്വറൻസ് റെഗുലേറ്ററി അൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.ഐ) നീട്ടിയേക്കും. കൊവിഡ് കേസുകൾ കൂടുന്നതിന്റെയും പോളിസികൾക്ക് മികച്ച ഡിമാൻഡ് ഉള്ളതിന്റെയും പശ്ചാത്തലത്തിലാണിത്.
നിലവിൽ മൂന്നരമാസം, ആറരമാസം, ഒമ്പതരമാസം എന്നിങ്ങനെയാണ് കാലാവധി. കൊറോണ കവച് പോളിസി വിപണിയിലെത്തി ഒരുമാസത്തിനകം വാങ്ങിയത് ഏഴരലക്ഷം പേരാണ്; 215 കോടി രൂപയുടെ പ്രീമിയവും സമാഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |