കാസർകോട്: സുരങ്കങ്ങൾ ഉൾപ്പെടെയുള്ള കാസർകോട്ടെ നിഗൂഢ വഴികൾ സിനിമയാകുന്നു. ഹോളിവുഡ് സംഗീതജ്ഞൻ ഇവാൻ ഇവാൻസ് മലയാള സിനിമയ്ക്ക് സംഗീതമൊരുക്കും. പിന്നണിയിലുള്ള മിക്കവരും കാസർകോട് ജില്ലക്കാരാണ്. കരിമ്പാറക്കെട്ടുകളും സുരങ്കങ്ങളും കല്ലുവെട്ടുകുഴികളും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പുഴകളുമൊഴുകുന്ന ജില്ലയിലെ എല്ലാ നദികളും സിനിമയിലുണ്ടാകും. 'വഴിയെ' മികച്ച ഹൊറർ ചിത്രമാകുമെന്നും ഒരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ നിർമൽ ബേബി വർഗീസ് പറഞ്ഞു.
അജ്ഞാതവും നിഗൂഢവുമായ ഒരു ദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാനൊരുങ്ങുന്ന രണ്ടു യൂട്യൂബ് വ്ലോഗേഴ്‌സിന്റെ അനുഭവങ്ങളും അവർ നേരിടുന്ന അപകടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഈ മാസം 19 മുതൽ ചിത്രീകരണം ആരംഭിക്കും. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലും ചിത്രീകരണം നടക്കും. പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തും.
കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ ചിത്രം നിർമ്മിക്കുന്നു. ഹോളിവുഡ് സംഗീത സംവിധായകനും എൺപതുകളിലേറെ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തിൽ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും സംവിധായകൻ നിർമ്മൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. കാസർകോട് ജില്ലക്കാരായ വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ തുടങ്ങിയവരാണ് മറ്റ് ടീം അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |