വാഷിംഗ്ടൺ: ചൈനീസ് മൊബൈൽ ആപ്പായ ടിക്ടോക് ഏറ്റെടുക്കാമെന്ന യു.എസ് ടെക് ഭീമൻ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം ബൈറ്റ് ഡാൻസ് കമ്പനി നിരസിച്ചതിന് പിന്നാലെ, ടിക് ടോക് ഒറാക്കിൾ വാങ്ങുമെന്ന് റിപ്പോർട്ട്. ലേലത്തിൽ ഒറാക്കിൾ വിജയിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒറാക്കിളിന് വൈറ്റ് ഹൗസിന്റെയും അമേരിക്കയിലെ വിദേശ നിക്ഷേപ സമിതിയുടെയും അനുമതി ആവശ്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ടിക് ടോകിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസുമായുളള അമേരിക്കയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിച്ചിരുന്നു. ചൈനീസ് ആപ്പിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അതിന്റെ യു.എസ് പ്രവർത്തനങ്ങൾ വിൽക്കുകയോ ചെയ്യാനായിരുന്നു ഉത്തരവ്.
ആഗസ്റ്റ് മുതൽ തന്നെ ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ സ്വന്തമാക്കുന്നതിന് താൽപര്യമുളളതായി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നെങ്കിലും ബൈറ്റ്ഡാൻസ് ആ വാഗ്ദാനം നിരസിച്ചു.
ആഗസ്റ്റ് ആദ്യവാരമാണ് സെപ്തംബർ 20നകം പർച്ചേസ് എഗ്രിമെന്റിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
അതേസമയം ട്രംപിന്റെ ഉത്തരവ് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ടിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു കൊണ്ട് ടിക് ടോക് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |