നെടുമങ്ങാട്: കോളേജ് തുറന്നിരുന്നെങ്കിൽ കലാലയ യൂണിയൻ ചെയർമാനായി വിലസി നടക്കേണ്ടയാളാണ് ഹരികൃഷ്ണൻ. ലോക്ക് ഡൗണിൽ കോളേജ് അടച്ചത് മുതൽ നിർമ്മാണ തൊഴിലാളിയുടെ വേഷമണിഞ്ഞ് മലയോര ഹൈവേ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ യുവ നേതാവ്. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ യൂണിയൻ ചെയർമാനും എസ്.എഫ്.ഐ നേതാവുമായ ഹരികൃഷ്ണൻ കൊവിഡ്കാല അതിജീവന ചരിത്രത്തിൽ തിളക്കമുള്ള അദ്ധ്യായമാണ് സ്വന്തം ജീവിതത്തിലൂടെ രചിച്ചിരിക്കുന്നത്. കുളത്തൂപ്പുഴ വനമേഖലയിലെ കടമാൻകോട് എന്ന ഗ്രാമത്തിൽ നിന്ന് കിലോ മീറ്ററുകൾ താണ്ടിയാണ് നെടുമങ്ങാട്ടെ സർക്കാർ കോളേജിൽ പഠിക്കാനെത്തിയിരുന്നത്. മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയാണ്. അച്ഛൻ കടമാൻകോട് ഹിമ വിലാസത്തിൽ ഗോപാലകൃഷ്ണന്റെ വിയോഗത്തോടെ പ്രാരാബ്ദങ്ങൾക്ക് നടുവിലാണ് ഹരികൃഷ്ണന്റെയും അനുജൻ ഗിരികൃഷ്ണന്റെയും അമ്മ ഹിമയുടെയും ജീവിതം. പഠനത്തോടൊപ്പം സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിച്ചും കൂലിവേല ചെയ്‌തും കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. മഹാമാരി അതിനെല്ലാം ബ്രേക്കിട്ടതോടെയാണ് ജോലി തേടിയിറങ്ങിയത്. സ്വകാര്യ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ മലയോര ഹൈവേ നിർമ്മാണം തകൃതിയായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹരികൃഷ്ണൻ ഒപ്പം കൂട്ടുമോ എന്ന് കരാറുകാരോട് ചോദിക്കുകയായിരുന്നു. കൺസ്ട്രക്ഷൻ ഗ്രൂപ്പിലെ സൈറ്റ് എൻജിനിയർമാരുടെ പ്രിയങ്കരനായ തൊഴിലാളിയാണ് ഇപ്പോൾ ഹരികൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |