കോന്നി : കഴിഞ്ഞ നാലര വർഷം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികൾ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളും ജില്ല, ജനറൽ ആശുപത്രികൾ കൂടുതൽ മികച്ച നിലയിലും ആയിട്ടുണ്ട്. ഈ യാഥാർത്ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല.
കോന്നി മെഡിക്കൽ കോളേജിനായി 351 കോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു. മാസ്റ്റർപ്ലാൻ ലഭിക്കുന്ന മുറയ്ക്ക് കിഫ്ബിയിൽ നിന്ന് തുക ലഭ്യമാക്കി മെഡിക്കൽ കോളജിന്റെ വികസനം യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യമന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ.കെ.യു ജനീഷ് കുമാർ, രാജു ഏബ്രഹാം, വീണാ ജോർജ്, ജില്ലാ കളക്ടർ പി.ബി നൂഹ്, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.എ.റംലാബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ മധു, ബീനാ പ്രഭ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കോന്നി വിജയകുമാർ, മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടറും സ്‌പെഷൽ ഓഫീസറുമായ ഡോ. ഹരികുമാരൻ നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ, സൂപ്രണ്ട് ഡോ.എസ്.സജിത്ത് കുമാർ, പ്രിൻസിപ്പൽ ഡോ.സി.എസ് വിക്രമൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണ പിള്ള, കെ എസ് ആൻഡ് സിഇഡബ്ല്യുഡബ്ല്യു എഫ്ബി ചെയർമാൻ കെ.അനന്തഗോപൻ, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം പി.ജെ. അജയകുമാർ, പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ പി.ആർ. ഗോപിനാഥൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ.എം രാജു, എൻ.സി.പി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരൻ നായർ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജു അലക്‌സാണ്ടർ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാട്, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, കേരള കോൺഗ്രസ് (സ്‌കറിയ )ജില്ലാ പ്രസിഡന്റ് ബാബു പറയത്ത് പാട്ടിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പുറം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.
ബഹിഷ്കരണം ജാള്യത മറയ്ക്കാൻ
മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചത് ജാള്യത മറച്ചുവയ്ക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേണ്ടത്ര പരിഗണന യു.ഡി.എഫ് ജനപ്രതിനിധികൾക്കും നേതാക്കൾക്കും നൽകിയിരുന്നു. ഇത് ഉദ്ഘാടനത്തിന്റെ നോട്ടീസ് പരിശോധിച്ചാൽ മനസിലാകും.നാടിനാകെ സന്തോഷവും അഭിമാനവും നൽകുന്ന ചടങ്ങുകളെ പിന്നോട്ടടിക്കുന്ന നയമാണ് അവർക്കുള്ളത്. ഏത് പദ്ധതിയും അതാത് ഘട്ടങ്ങളിൽ പൂർത്തീകരിക്കണം. എങ്കിലേ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയു. കെടുകാര്യസ്ഥതയുടെ ഫലമായി നിലച്ചുപോയ പദ്ധതിയായിരുന്നു കോന്നി മെഡിക്കൽ കോളേജെന്നും എൽ.ഡി.എഫ് സർക്കാരാണ് ഇതിന് പുതുജീവൻ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |