ഗുരുവായൂർ: ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തിയെ ഇന്ന് തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിന് മുമ്പ് അപേക്ഷകരുമായി തന്ത്രി നടത്തുന്ന കൂടിക്കാഴ്ച ഇന്നലെ നടന്നു. രാവിലെ ഒമ്പതിന് ശ്രീവത്സം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. 48 പേരാണ് ഇത്തവണ മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്.
ഇതിൽ 47 പേരെയാണ് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 46 പേർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇവരിൽ ഒരാൾ ഒഴികെ 45 പേരും ഇന്ന് നടക്കുന്ന നറുക്കെടുപ്പിന് യോഗ്യത നേടി. കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരുടെ പേരുകളിൽ നിന്ന് നറുക്കെടുത്ത് മേൽശാന്തിയെ ഇന്ന് നിശ്ചയിക്കും. ഉച്ചപ്പൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിലാണ് നറുക്കെടുപ്പ്. നേരത്തെ കൂടിക്കാഴ്ചയും നറുക്കെടുപ്പും ഒരു ദിവസമാണ് പതിവ്.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത് രണ്ട് ദിവസമാക്കിയത്. പുതിയ മേൽശാന്തി സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും. കൊവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ ആറ് മാസമായി ക്ഷേത്രത്തിൽ മേൽശാന്തി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന മേൽശാന്തിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും ഏപ്രിൽ 17 വരെ നീട്ടി നൽകി. ഇതിന് ശേഷം ഓതിക്കൻ കുടുംബാംഗങ്ങളാണ് മേൽശാന്തിയുടെ ചുമതല നിർവഹിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |