കോട്ടയം: അഴിച്ച മൈക്ക് വീണ്ടും കെട്ടി, വീട്ടിൽ ഉറങ്ങിക്കിടന്നവരെ വിളിച്ചെഴുന്നേൽപ്പിച്ച് അർദ്ധരാത്രിയിൽ ഒരു മണിക്കൂർ പ്രസംഗം. കൊല്ലാട് കിഴക്കുപുറം എസ്.എൻ.ഡി.പി ശാഖയിൽ രാത്രി വൈകി എത്തിയ ഉമ്മൻചാണ്ടിക്കാണ് രസകരമായ ഈ അനുഭവം പറയാനുള്ളത്.
വൈകുന്നേരം ആറ് മണിക്കായിരുന്നു ചടങ്ങ് . ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാത്തുകാത്തിരുന്ന് ഒരു മണിക്കൂർ വൈകിയാണ് യോഗം തുടങ്ങിയത്. കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ ആക്ടിംഗ് പ്രസിഡന്റായിരുന്ന അഡ്വ.പി.എൻ.അശോക് ബാബു അദ്ധ്യക്ഷ പ്രസംഗം രണ്ടു മണിക്കൂറോളം നീട്ടി. ആശംസാ പ്രസംഗകരും ഒട്ടും കുറച്ചില്ല . അങ്ങനെ നാലു മണിക്കൂർ യോഗം നീണ്ടു. പതിനൊന്നുമണിയോടെ കൃതജ്ഞതയും പറഞ്ഞ് യോഗം അവസാനിപ്പിച്ചു. നാട്ടുകാർ പിരിഞ്ഞു. മൈക്ക് ഒക്കെ അഴിച്ചു മാറ്റി. എല്ലാംകഴിഞ്ഞ് പ്രവർത്തകർ ശാഖാ ഓഫീസിലിരുന്നു സംസാരിക്കുന്നതിനിടയിൽ അതാ ഉമ്മൻചാണ്ടി പാഞ്ഞെത്തി . സമയം രാത്രി 12 . കണ്ണൂരിൽ ആയിരുന്ന ഉമ്മൻചാണ്ടി വൈകിയതിന് ക്ഷമ ചോദിച്ചു. പ്രസംഗിക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് കൊല്ലാട് ഉൾപ്പെടുന്ന പനച്ചിക്കാട് പഞ്ചായത്ത് പുതുപ്പള്ളി മണ്ഡലത്തിലായിരുന്നു. തന്റെ മണ്ഡലത്തിലെ പരിപാടിയിൽ സംബന്ധിക്കാമെന്ന് ഏറ്റ ഉമ്മൻചാണ്ടിയുടെ അഭ്യർത്ഥന തള്ളാൻ സംഘാടകർക്ക് കഴിഞ്ഞില്ല.
അഴിച്ച മൈക്ക് വീണ്ടും കെട്ടി, യോഗം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയതായും വീട്ടിൽ ഉറങ്ങിക്കിടക്കുന്ന ശാഖാപ്രവർത്തകർ ഉടൻ എത്തണമെന്നും പല തവണ അനൗൺസ് ചെയ്തു. കുറേ പേർ ഉറക്കച്ചടവോടെ വന്നു. അത്രയും പേർക്കു മുന്നിൽ ഉമ്മൻചാണ്ടി ഗുരുദേവനെ ക്കുറിച്ച് സംസാരിച്ചത് ഒരു മണിക്കൂറാണ്!.
കൊടി നോക്കാതെ സഹായം
ഡോ.എം.പി .മിത്ര മീനടം ഗവ.ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ സ്ഥിരമായി വന്നിരുന്ന ഒരാൾ ചികിത്സ മുടക്കി.നഴ്സായ മകൾക്ക് സ്ഥലം മാറ്റത്തിനായി ശ്രമിക്കുകയായിരുന്നു
അയാൾ. ഇടതു പ്രവർത്തകൻ ആയിട്ടും കാര്യം നടന്നില്ല. മിത്ര ഉമ്മൻ ചാണ്ടിയോട് പറയാൻ നിർദ്ദേശിച്ചു . പറഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ സ്ഥലം മാറ്റം ശരിയായി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അൻപത് വർഷം പൂർത്തിയായതിൻെറ ജാലവിദ്യ ഇതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |