കോട്ടയം: ജിമ്മും ഡ്രൈവിംഗ് സ്കൂളുകളും വരെ തുറന്നു. അടുത്ത മാസം ടൂറിസം സെന്ററുകളും തുറക്കും. പക്ഷേ, കലാപഠനത്തിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നുമായിട്ടില്ല. വേഷച്ചമയങ്ങളോടെ പ്രകടനം കാഴ്ചവയ്ക്കാനാവാത്ത വിഷമത്തിലാണ് കുട്ടികളും. ഓൺലൈൻ വഴിയുള്ള നൃത്താഭ്യാസം അത്ര പ്രായോഗികമല്ലെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ആദ്യം ലോക്കിട്ടതാണ് നൃത്തവിദ്യാലയങ്ങൾക്ക്. ആറുമാസത്തിലേറെയായി അടഞ്ഞു കിടക്കുന്നു. പരസ്പരം തൊടാതെയും സാമൂഹിക അകലം പാലിച്ചും കല അഭ്യസിപ്പിക്കാൻ നിഷ്പ്രയാസം കഴിയുമെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളെല്ലാം ഒഴിഞ്ഞു തുടങ്ങി. അദ്ധ്യാപകരുടെ ശമ്പളവും വാടകയും നൽകാനാവാത്ത സ്ഥിതിയാണ്. കലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരാണ് വരുമാനമില്ലാതെ വീട്ടിലിരിക്കുന്നത്. കൊവിഡ് ഭീതിയിൽ നിരവധി സ്റ്റേജ് പരിപാടികളും നഷ്ടമായി.
അവധിക്കാലത്ത് കലാപഠനം ആരംഭിക്കുന്ന നിരവധി കുട്ടികളുണ്ട്. സ്‌കൂളുകൾ തുറക്കുമ്പോഴേയ്ക്കും അടിത്തറ കിട്ടിയിട്ടുണ്ടാകും. എന്നാൽ ഇത്തവണ അവധിക്കാല പഠനവും നഷ്ടമായി. സ്കൂൾ കലോത്സവമില്ലാത്തതിനാൽ അങ്ങനെയും വരുമാനമില്ല. നിരവധി കുട്ടികൾക്ക് സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുകയാണ്.
അനുകൂല സാഹചര്യം
കലാപഠനം വ്യായാമത്തിനും മാനസിക സംഘർഷം കുറയ്ക്കാനും ഉത്തമം
വീടുകളിൽ ഒതുങ്ങിയിരിക്കുന്നതിന്റെ മുഷിച്ചിൽ മാറാൻ സഹായകം
നൃത്ത പഠനത്തിന് ശാരീരിക സ്പർശനം വളരെ കുറവാണ്
എണ്ണം കുറച്ച് ബാച്ചുകളാക്കി സാമൂഹിക അകലം ഉറപ്പാക്കാം
ക്ലാസുകൾ വൈകുന്നത് കുട്ടികളെ മാനസികവും ശാരീരികവുമായി ബാധിക്കും.
'' മുദ്രകളും മറ്റും നേരിട്ട് പഠിക്കുന്നതാണ് ഏറ്റവും നല്ലത്. ഓൺലൈൻ നൃത്ത പഠനം ഒട്ടും പ്രായോഗികമല്ല. അഞ്ച് കുട്ടികളെ മാത്രം ഒരു സമയം പരിശീലിപ്പിക്കാനുള്ള അനുമതിയെങ്കിലും സർക്കാർ തരണം.
പ്രസീത പി.എസ്, വിഘ്നേശ്വര നൃത്തവിദ്യാലയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |