നെടുമങ്ങാട്: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ രണ്ടരപ്പവൻ മാല ബൈക്കിലെത്തിയ യുവാവ് പിടിച്ചു പറിച്ച് രക്ഷപ്പെട്ടു. കരകുളം ആറാംകല്ല് വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ റോഡിൽ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കുന്തിരിക്കുഴി സ്വദേശിയും ഇലക്ട്രീഷ്യനുമായ മോഹനന്റെ ഭാര്യ ഗിരിജയുടെ (55) മാലയാണ് കവർന്നത്. മുദിശാസ്‌താംകോട് ക്ഷേത്രത്തിൽ നിന്ന് 150 മീറ്റർ മാറി കുന്തിരിക്കുഴി ഭാഗത്തേക്കുള്ള ഇടറോഡിലേക്ക് തിരിയുമ്പോൾ,ബൈക്കിൽ പിന്നാലെയെത്തിയ നീല ഷർട്ടുകാരനാണ് മാല പിടിച്ചു പറിച്ചത്. കഴുത്തിൽ ഞെക്കുകയും മർദ്ദിക്കുകയും ചെയ്തു. മോഷ്ടാവ് മാസ്കും ഹെൽമറ്റും ധരിച്ചിരുന്നു. ഗിരിജയെ തള്ളി നിലത്ത് വീഴ്ത്തി മാലയുമായി ആറാംകല്ല് റോഡിലേക്ക് ബൈക്ക് പായിച്ചു. സ്ഥലകാല ബോധം വീണ്ടെടുത്ത വീട്ടമ്മ, ഡയറിയിൽ സൂക്ഷിച്ചിരുന്ന പേരൂർക്കട പൊലീസ് സ്റ്റേഷൻ നമ്പറിലേയ്ക്ക് വിളിച്ച് മോഷണ വിവരം അറിയിച്ചു. പൊലീസ് സംഘം ഉടനെ സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ല. പരിസരത്തെ സി.സി.ടി.വികൾ പരിശോധിച്ച് വരികയാണ് പൊലീസ്. നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |