ഉമ്മൻചാണ്ടിക്ക് മകൻ ചാണ്ടി ഉമ്മൻ ഡൽഹിയിലിരുന്ന് ഒരു ആശംസാ കുറിപ്പെഴുതി. നാളെ അപ്പയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി. 50 വർഷമായി ഒരേ മണ്ഡലത്തിൽ നിന്ന് ഒരാൾ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുക! രാജ്യചരിത്രത്തിൽത്തന്നെ അതൊരു അപൂർവതയാണ്. ഒരുപാട് ആശംസകൾ കിട്ടുന്നുണ്ടാകും. ഒരു മകൻ എന്തു പറഞ്ഞാണ് അച്ഛനെ ആശംസിക്കേണ്ടത്?
ചെറുപ്പത്തിലെ ഓർമ്മകൾ മനസ്സിലേക്ക് കയറിവന്നു. എഴുതണമെന്നു തോന്നി. സ്വന്തം മലയാളം അത്ര ഭംഗിയുള്ളതാണെന്നു തോന്നിയില്ല. സുഹൃത്തിനെ വിളിച്ച് ഇംഗ്ളീഷിൽ പറഞ്ഞുകൊടുത്തു. വായിച്ചുകേട്ടപ്പോൾ ഭയങ്കര കാവ്യാത്മകം! തിരുത്തിയെഴുതിച്ചു. അപ്പയ്‌ക്ക് അയച്ചുകൊടുത്തിട്ടില്ല. ഇത്, ആ ആശംസാകുറിപ്പാണ്. ഉമ്മൻചാണ്ടി ഈ നിമിഷം വരെ വായിച്ചിട്ടില്ലാത്ത കുറിപ്പ്.
അപ്പ,
മൂന്നു വയസുള്ളപ്പോൾ ആ ഹർത്താൽ ദിനത്തിൽ അപ്പയോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ കിട്ടിയ ഭാഗ്യം ഇപ്പോഴും ഞാൻ മറന്നിട്ടില്ല. അന്നു മുതൽ ഈ നിമിഷംവരെ അപ്പയെപ്പറ്റി ഓർക്കുമ്പോൾ സന്തോഷിപ്പിക്കുന്നതും കണ്ണു നനയിക്കുന്നതുമായ ഒരുപാട് ഓർമ്മകൾ..
വീട്ടിൽ അധികസമയമൊന്നും ഉണ്ടാകാറില്ലെങ്കിലും എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ പറ്റില്ലെന്നു പറഞ്ഞിട്ടില്ല. എന്നോടു മാത്രമല്ല അപ്പ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. എന്ത് ആവശ്യവുമായി ആരു വന്നാലും നിരാശരാക്കി മടക്കിയയയ്ക്കുന്നതും കണ്ടിട്ടില്ല.
അപ്പയുടെ പേരിനൊപ്പം ചേർത്തുവയ്‌ക്കേണ്ട ഒരു പേരുകൂടിയുണ്ട്: പുതുപ്പള്ളി! എനിക്കു തോന്നിയിട്ടുണ്ട്, അപ്പയ്‌ക്ക് എന്നെക്കാൾ സ്നേഹം പുതുപ്പള്ളിയോട് ആയിരിക്കുമോ എന്ന്. ഇടയ്ക്ക് അടുത്തുകൂടി ഞാൻ തമാശയായി ചോദിക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം കേട്ട് അപ്പ ചിരിച്ചതേയുള്ളൂ.
ആ സ്നേഹം എല്ലാ അവസരങ്ങളിലും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അവർക്കു നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ആരെല്ലാം തള്ളിപ്പറഞ്ഞാലും പുതുപ്പള്ളിക്കാരും പുണ്യാളനും ഉള്ളിടത്തോളം കാലം അതിനു കഴിയില്ല. Thank you appa for being my dad and always believing in me. Whatever Iam, I have learnt from you. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്, എന്റെ അപ്പയ്‌ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |