കേരള നിയമസഭയിൽ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തീകരിക്കുക, അതും തുടർച്ചയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച്. അത്യപൂർവമായ ഈ നേട്ടത്തിന് ഉടമയാവുകയാണ് ഉമ്മൻചാണ്ടി. 1967ൽ കെ എസ് യു പ്രസിഡന്റായി തുടങ്ങിയ രാഷ്‌ട്രീയ പ്രവർത്തനത്തെ തനിക്ക് മാത്രം കഴിയുന്ന അതേ ഊർജത്തോടെയും പ്രസരിപ്പോടെയും പതിറ്റാണ്ടുകൾ പലത് പിന്നിട്ട് നിൽക്കുമ്പോഴും നിലനിറുത്താൻ ഉമ്മൻചാണ്ടിക്ക് കഴിയുന്നു. സകലപിന്തണയും നൽകി സ്വന്തംകുടുംബവും കുഞ്ഞൂഞ്ഞിനൊപ്പം എന്നുമുണ്ട്.
ഒരു രാഷ്‌ട്രീയക്കാരനെയാണ് വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അന്ന് തനിക്ക് ചില്ലറ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. 1977ലെ തിരഞ്ഞെടുപ്പ് കാലഘട്ടത്ത് നടന്ന വിവാഹ നിശ്ചയം മറിയാമ്മ ഉമ്മൻ ഓർക്കുന്നു.
'77ൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് ഞങ്ങളുടെ വിവാഹനിശ്ചയമൊക്കെ. അന്ന് എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. ആ സമയത്ത് എന്റെ ഒരു ആന്റി വന്നു പറഞ്ഞു; 'പി സി ചെറിയാന് എതിരെയാണ് മത്സരിക്കുന്നത്. നന്നായിട്ട് പ്രാർത്ഥിച്ചോ. ഉമ്മൻചാണ്ടി പൊട്ടിപ്പോകുമെന്നാ പറയുന്നത്'. ഞാൻ നന്നായിട്ട് പ്രാർത്ഥിച്ചു. പിന്നൊരു കാര്യം നന്നായി പ്രാർത്ഥിച്ചു എന്നുപറയാനുള്ളത് മറ്റൊന്നാണ്. രാഷ്‌ട്രീയക്കാരനെന്നൊക്കെയാ പറയുന്നത്... ദൈവമെ നല്ലതല്ലെങ്കിൽ ഈ കല്യാണം മാറ്റിക്കളയേണമേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു'- മറിയാമ്മ ഉമ്മന്റെ വാക്കുകൾ.
കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് ഉമ്മൻചാണ്ടിയും കുടുംബവും മനസ് തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |