SignIn
Kerala Kaumudi Online
Sunday, 20 September 2026 10.28 AM IST

പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

aneesh-

കടയ്ക്കൽ: ജമ്മുകാശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ ജവാൻ കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36) വീരമൃത്യു വരിച്ചു. നൗഷാരാ സെക്ടറിലെ സുന്ദർബെനിയിലായിരുന്നു ആക്രമണം. 25ന് അവധിക്ക് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. രാത്രി എട്ടോടെ സഹപ്രവർത്തകരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് പാങ്ങോട് സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയ ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് കൊണ്ടുവരും.

അനീഷിന്റെ വസതിയിലെ പൊതുദർശനത്തിനു ശേഷം മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹപ്രവർത്തകരായ സീനിയർ ഓഫീസർ അഞ്ചൽ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോൺസൻ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.

16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്. മദ്രാസ് 17 റെജിമെന്റിൽ ലാൻസ് നായിക്കായിരുന്നു. നായിക് റാങ്കിൽ പ്രൊമോഷൻ നേടി ആറ് മാസം മുൻപാണ് കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് നാട്ടിലെത്തിയത്.

കർണാടകയിൽ ഇലക്ട്രിക് സൂപ്പർവൈസറായിരുന്ന തോമസിന്റെയും അമ്മിണിയുടെയും മൂത്ത മകനാണ്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360