തുറക്കുന്നത് രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക്
കൊച്ചി: കേന്ദ്രസർക്കാർ അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫൻസ് പാർക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവർത്തനമാരംഭിക്കും.
കിൻഫ്രാ ഡിഫൻസ് പാർക്കിലെ നിക്ഷേപ സാധ്യതകൾ സംരംഭകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ആണ് ഇക്കാര്യം അറിയിച്ചത്. കിൻഫ്രയും സംസ്ഥാന വ്യവസായവകുപ്പും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (ഫിക്കി) ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ ഡിഫൻസ് പാർക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി-ടു-ബി മീറ്റും നടന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രതിരോധ ഉപകരണനിർമാണ കമ്പനികളുടെ 200 പ്രതിനിധികൾ പങ്കെടുത്തു.
ഡിഫൻസ് പാർക്കിൽ ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് ഡോ. ഇളങ്കോവൻ വ്യക്തമാക്കി.
ഓൺലൈനിൽ ഇ-അപ്ലിക്കേഷൻ നൽകിയാൽ മൂന്നു വർഷത്തേക്ക് കമ്പനിക്ക് ഒരുതടസവും കൂടാതെ പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്നത് ഡിഫൻസ് പാർക്കിന്റെ വലിയ അനുകൂലഘടകമാണ്.
സംസ്ഥാന സർക്കാരിന്റെ ഇൻവെസ്റ്റ് കേരള പ്രോജക്ട് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംരംഭകർക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിലുള്ളത്. സ്‌കിൽഡ് മാൻപവറും ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധനക്ക് കേന്ദ്ര സർക്കാരിന്റെ ടെസ്റ്റിംഗ് ലാബുമുണ്ടാകും.
പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക 5 വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകും.
ഡിഫൻസ് പാർക്ക്
• 60 ഏക്കറുള്ള ഡിഫൻസ് പാർക്കിൽ 47.50 ഏക്കർ കമ്പനികൾക്ക് നൽകും
• 3,28,630 ചതുരശ്ര അടി കോമൺ ഫെസിലിറ്റി സെന്റർ
• 19000 ചതുരശ്ര അടി വെയർഹൗസ് ഫെസിലറ്റി.
• ഭൂമിയുടെ പാട്ടക്കാലാവധി 30 വർഷം. പിന്നീട് 90 വർഷത്തേക്ക് ദീർഘിപ്പിക്കാം.
• ബിൽട്ടപ്പ് സ്പേസിന്റെ പാട്ടക്കാലാവധി 10 വർഷം, പിന്നീട് 30 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം
ഫ്രീ...
ഡിഫൻസ് പാർക്കിൽ നിക്ഷേപകർക്ക് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂർണമായും ഒഴിവാക്കിക്കൊടുക്കും
: സന്തോഷ് കോശി തോമസ് , കിൻഫ്ര മാനേജിംഗ് ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |