ന്യൂഡൽഹി:അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30 ന് ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പറയും. സീനിയർ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമ ഭാരതി എന്നിവരുൾപ്പെടെ 32 പ്രതികളും അന്ന് കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ യാദവ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. (കല്യൺ സിംഗിനെ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു).
അയോദ്ധ്യ രാമജന്മഭൂമിയാണെന്നും പള്ളി നിന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്നും അവകാശപ്പെട്ട് 1992 ഡിസംബർ 6നാണ് ബാബറി മസ്ജിദ് കർസേവർ തകർത്തത്. രാജ്യത്ത് വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിന് പിന്നാലെയാണ് ഈ വിധി വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
@ഗൂഢാലോചന തെളിയുമോ?
കേസിൽ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെ ബി.ജെ.പി, സംഘപരിവാർ നേതാക്കൾക്കെതിരെ ആദ്യം ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. 2001ൽ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് അദ്വാനിയെയും മറ്റും ഒഴിവാക്കി. 2010ൽ അലഹബാദ് ഹൈക്കോടതി അത് ശരിവച്ചു. എന്നാൽ സുപ്രീംകോടതി 2017ൽ അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കുകയും ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് അദ്വാനിക്കും മറ്റും എതിരായ ക്രമിനൽ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് അതേവർഷം പ്രത്യേക സി.ബി.ഐ കോടതി ഇവർക്കെതിരെ ഗുഢാലോചനക്കുറ്റം ചുമത്തി.
സെപ്തംബർ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുടെയും ചില സാക്ഷികളുടെയും മൊഴി വീഡിയോ കോൺഫറൻസിലൂടെയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയിൽ പങ്കില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് അദ്വാനിയും ജോഷിയും മറ്റും വാദിച്ചത്. കുറ്റം ഇവർ നിഷേധിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |