ഒരാഴ്ചയ്‌ക്കിടെ മൂന്ന് അപകടങ്ങൾ, നാല് മരണം
തിരുവനന്തപുരം: ബോട്ടപകടങ്ങൾ തുടർക്കഥയാകുമ്പോൾ കണ്ണുനീർ തോരാതെ അഞ്ചുതെങ്ങിലെ തീരമേഖല. ഒരാഴ്ചയ്‌ക്കിടെയുണ്ടായ മൂന്ന് അപകടങ്ങളിൽ നാല് പേരുടെ ജീവനാണ് കടൽച്ചുഴിയിൽ പൊലിഞ്ഞത്. ഈ മാസം ഒമ്പതിന് നടന്ന അപകടത്തിൽ മൂന്ന് പേരുടെ ജീവൻ നഷ്ടമായിരുന്നു. തീരത്തിന് വിളിപ്പാടകലെ ഇവർ എത്തിയിരുന്നെങ്കിലും ശക്തമായ കാറ്റിലും തിരയിലും ബോട്ട് മറിഞ്ഞ് ബോട്ട് ഉടമ അലക്‌സ്, തങ്കച്ചൻ ഏലിയാസ്, മാടൻവിളാകം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്. ബോട്ട് പൂർണമായി തകർന്നു. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ടിന്റെ എൻജിൻ തിരയിൽപെട്ട് അപകടമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലാണ്. അഴിമുഖത്തെ പാറക്കെട്ടുകളിലും പുലിമുട്ടിലും ഇടിച്ച് ബോട്ട് പിളരുകയും പിടിച്ച മത്സ്യം അടക്കമുള്ളവ ഒഴുകിപോവുകയും ചെയ്‌തു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ഇന്നലെ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജോസഫിന്റെ മരണമാണ് ഒടുവിലുണ്ടായത്. അഞ്ചുപേരുമായി പോയ വള്ളം ശക്തമായ തിരയിൽ മറിയുകയായിരുന്നു. നീന്തി രക്ഷപ്പെട്ട മറ്രുള്ളവർ ചികിത്സയിലാണ്. ശക്തമായ കടൽച്ചുഴിയിൽ പെട്ടാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. ഇന്നലെ മഴയോ കാറ്റോ ഇല്ലാതിരുന്നിട്ടും തിര ശക്തമായിരുന്നു. കടലിലേക്ക് പോകാനും തിരിച്ച് കരയിലെത്താനും മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. ജൂൺ മുതൽ രണ്ടുമാസം കടൽ പ്രക്ഷുബ്ധമാകാറുണ്ട്. ആഗസ്റ്റ് അവസാനത്തോടെ തിരകൾ ശാന്തമാകേണ്ടതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഇപ്പോഴും തിരയടി കൂടുന്നത് ന്യൂനമർദ്ദം കാരണമാണെന്നാണ് വിലയിരുത്തൽ.
ലൈഫ് ജാക്കറ്റ് ധരിച്ചില്ലെങ്കിൽ
' ലൈഫാണ് ' പോകുന്നത്
അപകടങ്ങൾ പതിവാകുമ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കാൻ മത്സ്യത്തൊഴിലാളികളിൽ പലർക്കും മടിയാണ്. ബോട്ട് അപകടത്തിൽപ്പെട്ടാലും ജീവൻ പിടിച്ചുനിറുത്താൻ ലൈഫ് ജാക്കറ്റ് ഉപകരിക്കുമെങ്കിലും പലരും ഇത് വള്ളങ്ങളിൽ കരുതുന്നതുപോലുമില്ല. കടലിൽ പോകുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് മത്സ്യഫെഡ് പലതവണ ആവർത്തിച്ചിരുന്നു. പ്രത്യേക സബ്സിഡിയിൽ ഇവ നൽകുകയും ചെയ്‌തിട്ടുണ്ട്.
കടലിന്റെ മക്കൾക്കായി കരുതൽ വേണം
-----------------------------------------------------------
അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യഫെഡിൽ നിന്നും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും അംഗങ്ങളല്ലാത്തവർക്ക് മത്സ്യഫെഡിന്റെ നഷ്ടപരിഹാരം ലഭിക്കില്ല. ബോട്ടുകൾ അപകടത്തിൽപ്പെടുമ്പോഴും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പലരും ബോട്ടിന്റെ പ്രീമിയം അടവ് മുടക്കിയിട്ടുള്ളതിനാൽ നഷ്ടപരിഹാരവും കിട്ടില്ല. കൊവിഡും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോഴും കടലിൽ പോകാൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിക്കുന്നത്. വീട്ടിലെ പട്ടിണി മാറ്രാനും ബോട്ടുകളുടെ വായ്‌പ അടയ്‌ക്കാനും വേറെ വഴിയില്ല. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി
ആധുനിക സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |