തൊടുപുഴ: ആട്,പശു,നായ,പൂച്ച എന്നിങ്ങനെ നമ്മൾ താലോലിച്ചു വളർത്തുന്ന നിരവധി ജീവികളുണ്ട്. ഇവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ പറ്റില്ല. അത്തരത്തിലൊരു സങ്കടത്തിലൂടെയായിരുന്നു കഴിഞ്ഞ മൂന്നാഴ്ചകളിലേറെയായി ഗായത്രി മോൾ എന്ന ഒമ്പതാം ക്ലാസുകാരി കടന്നുപോയിക്കൊണ്ടിരുന്നത്. എന്നാൽ കുറച്ച് നാളുകൾ കൂടി ഗായത്രിമോൾ ഇന്നലെ മനസ് തുറന്ന് ഒന്ന് ചിരിച്ചു.
താലോലിച്ചു വളർത്തിയ മണിക്കുട്ടിയെ നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ഈ ഒമ്പതാം ക്ലാസുകാരി. പുല്ലു തിന്നാനായി റോഡരികിൽ കെട്ടിയിട്ടിരുന്ന ഒന്നരവയസുകാരി മണിക്കുട്ടി എന്ന ആടിനെ 24 ദിവസം മുമ്പാണ് ആരോ മോഷ്ടിച്ചു കൊണ്ടു പോകുന്നത്. രണ്ട് ദിവസം പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും ആടിനെ കണ്ടെത്താനായില്ല. ഗായത്രിക്ക് സഹിക്കാനായില്ല. നഷ്ടമായത് ഒരു കുടുംബാംഗത്തെയാണ്.
തൊടുപുഴ ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ ചിരി പദ്ധതിയിലേക്ക് വിളിച്ച് പരാതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എല്ലായിടവും അന്വേഷിച്ചെങ്കിലും ആട്ടിൻകുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് മറ്റൊരു ആടിനെ ഗായത്രിക്ക് വാങ്ങി നൽകാൻ സി.ഐ. സുധീർ മനോഹറും എസ്.ഐ. ബൈജു പി. ബാബുവും ചേർന്ന് തീരുമാനിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത്, നിഷാദ്, ഷാജി തുടങ്ങിയവരും പങ്കാളികളായി. കരിങ്കുന്നത്ത് നിന്ന് നാല് മാസം പ്രായമായ ആട്ടിൻകുട്ടിയെ വാങ്ങി ബുധനാഴ്ച ഗായത്രിക്ക് വീട്ടിലെത്തിച്ച് നൽകി. മണിക്കുട്ടിക്കു പകരമാവില്ലെങ്കിലും പുതിയ ആടിനെ കിട്ടിയ സന്തോഷത്തിലാണ് ഗായത്രിയിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |