തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രോഗവ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് മാത്രം 820 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 721 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നത്.
അതേസമയം 547 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുമുണ്ട്. ഇവിടെ രോഗത്തിന്റെ ഉറവിടം അറിയാത്തവരുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുകയാണ്. ജില്ലയിൽ മരണമടഞ്ഞ മൂന്ന് പേർക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നുവെന്നും ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കൊവിഡ് രോഗം നിമിത്തം മരണപ്പെട്ടവരുടെ എണ്ണം 160 ആയി ഉയർന്നു. തിരുവനന്തപുരത്ത് ഇതുവരെ 23,774 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,489 ആണ്. നിലവിൽ ജില്ലയിൽ 17,646 പേർക്ക് കൊവിഡ് രോഗം ഭേദമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |