മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരാണ് ഇ.ഡി. ഇ.ഡി എന്നാൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഹവാല, കള്ളപ്പണം, വിദേശപണമിടപാട് എന്നിവ പിടികൂടാനുള്ള കേന്ദ്രഏജൻസി. സ്വർണക്കടത്തിന്റെ തുടക്കത്തിൽ ദേശീയ അന്വേഷണ ഏജൻസിയായിരുന്നു (എൻ.ഐ.എ) താരമെങ്കിൽ ഇപ്പോൾ അന്വേഷണം നയിക്കുന്നത് ഇ.ഡിയാണ്. മന്ത്രി കെ.ടി ജലീലിനെ ചടുലനീക്കത്തിലൂടെ രണ്ടുദിവസം ചോദ്യം ചെയ്യുകയും വിദേശ പണമിടപാടുകളുടെയും ഹവാല ഒഴുക്കിന്റെയും ചുരുളുകൾ ഓരോന്നായി അഴിക്കുകയും ചെയ്തതോടെ കേരളത്തിൽ ഇ.ഡി താരമായി മാറി.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണമാണ് നടക്കുന്നത്. എല്ലാറ്റിനും സഹായത്തിന് ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി). ഇപ്പോൾ അന്വേഷണത്തിന്റെ മുന്നണിയിലുള്ളത് ഇ.ഡിയാണ്. പ്രതികളെയും സംശയമുനയിലുള്ളവരെയുമെല്ലാം ചോദ്യംചെയ്ത് വിശദമായ മൊഴി രേഖപ്പെടുത്തും. അത് മറ്റ് കേന്ദ്ര ഏജൻസികൾക്ക് കൈമാറും. ഇതിലൂടെ ശാസ്ത്രീയ അന്വേഷണത്തിനും തെളിവുകൾ അപഗ്രഥിക്കാനും എൻ.ഐ.എയ്ക്ക് കൂടുതൽ സമയം ലഭിക്കും. കസ്റ്റംസിനും എൻ.ഐ.എയ്ക്കും മാത്രമല്ല ബംഗളുരൂവിലെ ലഹരിമരുന്ന് കേസുകൾ അന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കും (എൻ.സി.ബി) ഇ.ഡി വിവരങ്ങൾ കൈമാറുന്നുണ്ട്.
സ്വർണക്കടത്തിനു പുറമെ ലൈഫ് മിഷനിലെ അനധികൃത പണമൊഴുക്കും ഇ.ഡിയുടെ അന്വേഷണത്തിലാണ്. ലൈഫ് മിഷനും യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവിൽ സ്വപ്നയും സംഘവും നാലേകാൽ കോടി കമ്മിഷൻ തട്ടിയതിനെക്കുറിച്ചാണ് ഇ.ഡിയുടെ അന്വേഷണം. റെഡ്ക്രസന്റ് നൽകിയ 3.2 കോടിയുടെ ആദ്യഗഡു അപ്പാടെ സ്വപ്നയും കൂട്ടരും അടിച്ചെടുത്തെന്ന് കണ്ടെത്തിയത് ഇ.ഡിയാണ്.കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഈ തുക നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഇ.ഡിയോട് വെളിപ്പെടുത്തിയത്. രണ്ടാം ഗഡുവിൽ നിന്നാണ് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ മാറ്റിയത്. സ്വപ്‌നയ്‌ക്കും സരിത്തിനും ശിവശങ്കറിനുമൊപ്പം കോൺസുലേറ്റിലെ ഉന്നതരും കമ്മിഷൻ തട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എൻഫോഴ്സ്‌മെന്റ് കണ്ടെത്തൽ.
ബിനാമി, കള്ളപ്പണ ഇടപാടുകളിൽ ബിനീഷ് കോടിയേരിയെയും കുടുക്കിലാക്കിയത് ഇ.ഡിയാണ്. പണമിടപാടുകളുമായി ബന്ധപ്പെട്ട ഇ.ഡിയുടെ19 ചോദ്യങ്ങൾക്ക് ബിനീഷിന് ഉത്തരംമുട്ടിപ്പോയി. തെളിവുകളും മൊഴികളും കൂട്ടിയിണക്കി ബിനീഷിന് കുരുക്ക് മുറുക്കാൻ വിശദ അന്വേഷണത്തിലാണ് ഇ.ഡി. ബിനീഷുമായി സാമ്പത്തിക ഇടപാടുകളുള്ള ഒരു ഡസനിലേറെ ആളുകളുടെ വിശദാംശങ്ങൾ ശേഖരിച്ച ഇ.ഡി, യു.എ.ഇ കോൺസുലേറ്റുമായി സാമ്പത്തിക ഇടപാടുള്ള കമ്പനികളുമായി ബിനീഷിനുള്ള ബിനാമി ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ 11 മണിക്കൂറാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തത്. കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത്, മലയാള സിനിമയിലെ ലഹരി ഉപയോഗം എന്നിവയെല്ലാം ചോദ്യങ്ങളായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് എന്നിവരും ഇ.ഡിയുടെ അന്വേഷണപരിധിയിലാണ്.
ഇ.ഡി പിടിമുറുക്കുന്നത് ഇങ്ങനെ
കള്ളപ്പണം
പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുകയാണ് ഇ.ഡിയുടെ ദൗത്യം. കേന്ദ്രസർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും ദംഷ്‌ട്രയാണ് ഇ.ഡി എന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണം തുടങ്ങിയാൽ സംശയിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പും കള്ളപ്പണം തേടിയുള്ള റെയ്ഡുകളും ബിനാമി ഇടപാടുകളും തേടി രംഗം കൊഴുപ്പിക്കുന്നത് ഇ.ഡിയുടെ രീതിയാണ്. ക്രമക്കേടുകൾ കണ്ടെത്തിയാൽ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡിക്കാവും. ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ, വീടിന്റെ മതിൽ ചാടിക്കടന്ന് പിടികൂടി തീഹാർ ജയിലിലടച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്.
റൂട്ട്മാപ്പ്
സംശയമുള്ള ആരുടെയും "സാന്പത്തിക റൂട്ട്മാപ്പ്" പരിശോധിക്കുന്നതാണ് ഇ.ഡിയുടെ രീതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും ഒത്താശ ചെയ്തെന്ന പേരിൽ ഉന്നതരെ പിടികൂടാൻ ഇ.ഡിക്ക് കഴിയും. വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല.
നിയമ പിൻബലം
ബിനാമി ആക്‌ട്, ഇൻകം ടാക്‌സ് ആക്‌ട്, ആന്റി മണിലോണ്ടറിംഗ് ആക്‌ട് എന്നിങ്ങനെ വിവിധ നിയമങ്ങളുടെ പിൻബലത്തിലാണ് ഇഡിയുടെ പ്രവർത്തനം. തുടരെത്തുടരെ റെയ്ഡുകളും നടപടികളുമാണ് ഇ.ഡി അന്വേഷണത്തെ വ്യത്യസ്തമാക്കുന്നത്. കേസുകൾക്കെല്ലാം വൻ മാദ്ധ്യമശ്രദ്ധ ലഭിക്കുകയും ചെയ്യും. സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഹവാലാപണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്‌മെന്റ് ആക്‌ട് ) പ്രകാരം ഇ.ഡിക്ക് അന്വേഷിക്കാം. സ്വർണംവാങ്ങാൻ പണമെവിടെ നിന്ന് ലഭിച്ചെന്നും ഏതുവഴിയാണ് പണം വിദേശത്ത് എത്തിച്ചതെന്നും ഇഡി അന്വേഷിക്കും.
മാപ്പുസാക്ഷി
കേസിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് ഇഡിയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. ചിദംബരത്തിനെതിരായ കേസിൽ ഐ.എൻ.എക്‌സ് മീഡിയയുടെ ഡയറക്‌ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ഇ.ഡി മാപ്പുസാക്ഷിയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |