കോന്നി : ഒരു കാലത്ത് കോന്നി ആനത്താവളത്തിന്റെ തലയെടുപ്പായിരുന്ന താപ്പാന മണിയൻ എരണ്ടക്കെട്ടിനെ തുടർന്ന് അവശനിലയിലായി. കഴിഞ്ഞ നാലു ദിവസമായി തീറ്റയും വെള്ളവും എടുക്കാതെ ഏറെ ക്ഷീണിതനാണ്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പെൻഷൻ പറ്റിയ താപ്പാനയാണിത്.
നീളമുള്ള കൊമ്പായിരുന്നു മണിയന്റെ പ്രത്യേകത. താപ്പാന ആയ ശേഷം കോന്നിയിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ മണിയനെ ഒരു വർഷം മുമ്പാണ് തിരികെ എത്തിച്ചത്.
1964 ഏപ്രിൽ 13 നാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്. അന്ന് 20 വയസുണ്ടായിരുന്നു. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാന പരിശീലനം പൂർത്തിയാക്കി. കൂപ്പിലെ പണികൾക്കും മറ്റുമായി 1976 ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി. പെൻഷൻ പറ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു. കുട്ടിക്കൊമ്പൻ കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയപ്പോൾ പകരനായി കോന്നിയിൽ തിരികെ എത്തിക്കുകയായിരുന്നു.
എരണ്ടക്കെട്ട് മൂന്നുവിധം
മുൻകെട്ട്, ഇടക്കെട്ട്, പിൻകെട്ട് എന്നിങ്ങനെ മൂന്നു തരം എരണ്ടക്കെട്ടുകളാണ് ആനകളെ ബാധിക്കുന്നത്. ഇതിൽ ഏതാണ് മണിയനെ ബാധിച്ചിരിക്കുന്നതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിൻകെട്ടാണേൽ മരുന്നുകൊണ്ടും മലദ്വാരത്തിലൂടെ പിണ്ടം പുറത്തെടുത്തും പരിഹരിക്കാം.എന്നാൽ മുൻകെട്ടും ഇടക്കെട്ടും ഗുരുതരാവസ്ഥയാണ്.
വിദഗ്ദ്ധ ഡോക്ടർമാരില്ല
വനം വകുപ്പിന്റെ കീഴിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ല. സാധാരണ വെറ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ചികിത്സ നൽകുകയാണ് പതിവ്. ഇവർ മുൻ പരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ല.
"മരുന്നും വിശ്രമവുമാണ് എരണ്ടക്കെട്ട് ബാധിച്ച ആനകൾക്ക് ഏറ്റവും അത്യാവശ്യം. ആയൂർവേദവും അലോപ്പതിയും സംയുക്തമായാണ് പ്രധാന ചികിത്സാ രീതി. ഇംഗ്ളീഷ് മരുന്നിനൊപ്പം ആയൂർവേദവും ഉമി, മണൽ എന്നിവയും ഉപയോഗിച്ച് കിഴിവയ്ക്കണം. ദഹിക്കാൻ എളുപ്പമുള്ള ആഹാര സാധനങ്ങളാണ് പ്രധാനമായും നൽകേണ്ടത്".
ചിറ്റാർ ആനന്ദൻ (ആനകളെപ്പറ്റി പഠനം നടത്തുന്ന മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ)
ആരോഗ്യം തൃപ്തികരം
" മണിയൻ ആനയുടെ ആരോഗ്യ നില തൃപ്തികരമാണ്. നിലവിൽ പ്രശ്നങ്ങളില്ല. എരണ്ടക്കെട്ട് ആനകൾക്ക് സ്വാഭാവികമായി വരുന്നതാണ്. ചികിത്സ തുടങ്ങിയിട്ടുണ്ട്" .
ആനത്താവളം അധികൃതർ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |