പത്തനംതിട്ട : കൃഷിയിടങ്ങൾ കൈയടക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ സർക്കാർ ഉത്തരവ് നൽകിയെങ്കിലും ജില്ലയിൽ തോക്കെടുക്കാനാളില്ല. ലൈസൻസും വനംവകുപ്പിന്റെ അനുമതിയുള്ളവർക്കും മാത്രമേ വെടിവയ്ക്കാൻ അധികാരമുള്ളു. ജില്ലയിൽ ലൈസൻസുള്ള നൂറിലധികം പേരുണ്ടെങ്കിലും കോന്നി വനം വകുപ്പിന്റെ പരിധിയിലുള്ള രണ്ട് പേർ മാത്രമാണ് അപേക്ഷ നൽകിയത്. അതിലൊരാൾക്ക് ആവശ്യമായ യോഗ്യതയില്ലാത്തതിനാൽ ഒരാൾ മാത്രമാണ് വെടിവയ്ക്കാൻ അനുമതി ലഭിച്ചത്. റാന്നി ഫോറസ്റ്റ് പരിധിയിലും സ്ഥിതി ഇതുതന്നെയാണ്.
കാട്ടുപന്നി കാരണം വലിയ നഷ്ടമാണ് കർഷകർക്കുള്ളത്. കൃഷി നശിച്ചാൽ കൃഷിഭവനിൽ ചെന്ന് പരാതി നൽകും. ഇൻഷുറൻസ് ഉള്ളവർക്ക് തുക കിട്ടും. അല്ലാത്തവർക്ക് നഷ്ടപരിഹാരം വനവകുപ്പാണ് നൽകുന്നത്. കൃഷിവകുപ്പിൽ നിന്ന് പരാതി വനംവകുപ്പിന് നൽകി നഷ്ടപരിഹാരം വാങ്ങാം.
"ജോലിയില്ലാതെ ലോക്ക് ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൃഷി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇവ കാട്ടുപന്നി നശിപ്പിച്ചു. കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ എവിടെ പരാതി നൽകണമെന്നുപോലും പലർക്കും അറിയില്ല."
അരുൺ കുമാർ (വെണ്ണിക്കുളം സ്വദേശിയായ കർഷകൻ)
" സർക്കാർ ഉത്തരവ് അനുസരിച്ച് തോക്കിന് ലൈസൻസുള്ളവർ ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകണം. ഇവരിൽ നിന്ന് യോഗ്യതയുള്ളവരെ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ഇപ്പോൾ ഒരാളാണ് കോന്നി പരിധിയിൽ ഉള്ളത്. അയാളെ പന്തളത്തേക്ക് വിടാനാണ് ഉദ്ദേശിക്കുന്നത്. അവിടെ വലിയതോതിൽ കാട്ടുപന്നി ആക്രമണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്."
കോന്നി ഡി.എഫ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |