ആലപ്പുഴ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും വൻ കുറവ്. സർക്കാർ ഓഫീസുകളിൽ ഹാജർ നില പതിവ് പോലെയുണ്ടായിരുന്നെങ്കിലും ബസുകളിൽ തിരക്ക് കുറവാണ്.
ജില്ലയിൽ 450സ്വകാര്യ ബസുകളാണുള്ളത്. ഇതിൽ 90ശതമാനവും നിലവിൽ സർവീസ് നടത്തുന്നുണ്ട്. കൊവിഡിന് മുമ്പ് ലഭിച്ചിരുന്ന പ്രതിദിന വരുമാനത്തിന്റെ 50ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇരട്ടകുളങ്ങരയിൽ നിന്ന് ആരംഭിച്ച് കലവൂർ വഴി മണ്ണഞ്ചേരി വരെ സർവീസ് നടത്തിയിരുന്ന ബസുകൾക്ക് കൊവിഡിന് മുമ്പ് ലഭിച്ചിരുന്ന പ്രതിദിന കളക്ഷൻ 7000മുതൽ 7500രൂപ വരെയാണ്. ഇപ്പോൾ ഇത് 3000രൂപയിൽ താഴെയാണ്.
ജില്ലയുടെ തെക്കൻ മേഖലയിൽ ജനങ്ങൾ സ്വകാര്യ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.കൊവിഡ് സമ്പർക്ക വ്യാപനം കൂടിയതോടെ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിലേക്ക് മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിൽ നിന്നുള്ള സർവീസ് സ്വകാര്യ ബസുകൾ ഗണ്യമായി കുറച്ചു. മൂന്ന് മാസത്തിൽ ഒരിക്കൽ റോഡ് ടാക്സ് ആയി ഓരോബസും സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് 28000രൂപ വരെ അടയ്ക്കണം. ഇതിന് പുറമേ ക്ഷേമനിധിയിലേക്ക് പ്രതിമാസം 3800രൂപയും അടയ്ക്കേണ്ടതുണ്ട്. പലപ്പോഴും ഡീസലിനും തൊഴിലാളികളുടെ വേതനത്തിനും ചെലവാകുന്ന തുക പോലും സർവീസിൽ നിന്ന് ലഭിക്കാറില്ല.
കെ.എസ്.ആർ.ടി.സിയും പിന്നിലേക്ക്
ആലപ്പുഴ,ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, എടത്വ, ഹരിപ്പാട് ഡിപ്പോകളിൽ പ്രതിദിന കളിക്ഷനിൽ വലിയ കുവാണ് ഔരോ ദിവസവും ഉണ്ടാകുന്നത്. ആലപ്പുഴയിൽ കഴിഞ്ഞ രണ്ട് തിങ്കളാഴ്ചത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ 8.1 ലക്ഷം രൂപയാണ് വരുമാനത്തിൽ കുറവ്. കൊവിഡിന് മുമ്പ് 12ലക്ഷംരൂപയായിരുന്നു തിങ്കളാഴ്ചകളിലെ വരുമാനം. അന്ന് 47,000യാത്രക്കാർ ഉയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 12,000യാത്രക്കാരായി ചുരുങ്ങി.
ഡിപ്പോയിൽ ശരാശരി 35,000യാത്രക്കാരുടെ കുറവ് പ്രതിദിനം അനുഭവപ്പെടുന്നു. രാവിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉള്ളതിനാൽ അല്പം തിരക്ക് അനുഭവപ്പെടുമെങ്കിലും 11മണിക്കു ശേഷം യാത്രക്കാർ തീരെ കുറവാണ്. ദീർഘദൂര സവർവീസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ നിന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശൂർ ജില്ലകളിലേക്കുള്ള ദീർഘദൂരസർവീസുകളും ജില്ലക്ക് ഉള്ളിലുള്ള ഓർഡിനറി സർവീസുകളും പരിമിതപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ ബസുകൾ
സ്വകാര്യബസുകളിൽ 50% വരുമാനക്കുറവ്
ജില്ലയിൽ 450സ്വകാര്യ ബസുകൾ
ഒരു ബസിന് പ്രതിദിന കളക്ഷൻ 3000ൽ താഴെ
"കൊവിഡ് കാലയളവിൽ റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുകയും ഡീസലിന് സബ്സിഡി ഏർപ്പെടുത്തുകയും ചെയ്യാൻ സർക്കാർ തയ്യാറാവണം. സമ്പർക്ക വ്യാപനം തടയാൻ സ്വകാര്യ ബസുകളിലെ മുഴുവൻ ജീവനക്കാർക്കും ഗ്‌ളൗസും മാസ്‌കും വിതരണം ചെയ്യണം
-പി.ജെ.കുര്യൻ, എസ്.എം.നാസർ
കേരള ബസ് ട്രാൻസ്‌പോർട്ട് ഓണേഴ്‌സ് അസോ. ജില്ലാ ഭാരവാഹികൾ
" കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വരുമാനം ഇപ്പോൾ മൂന്നിലൊന്നായിചുരുങ്ങി. ഇതാണ് സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ കാരണം.
-അശോക് കുമാർ,
ഡി.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |