തിരുവനന്തപുരം: എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കാൻ പോകുന്നേയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടി അംഗീകരിക്കുന്നില്ല. അതിന്റെ പേരിലുള്ള സമരം എവിടെയുമെത്തില്ല. ഒരാളെ സാക്ഷിയായി വിളിച്ചതിന് രാജി ആവശ്യപ്പെടുന്നത് എവിടെയെങ്കിലുമുണ്ടായിട്ടുണ്ടോ.
ഉമ്മൻ ചാണ്ടിയെ സോളാർ കമ്മിഷൻ 14 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ അന്നദ്ദേഹം രാജി വച്ചിരുന്നോ? അതുകൊണ്ട് ചിലയാളുകൾ ഇപ്പോൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കൊന്നും യാതൊരർത്ഥവുമില്ല. ഒരന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ അതുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്യും. അവരെല്ലാം കേസിൽ പ്രതികളാണെന്നതിനർത്ഥമില്ല. അവർ സ്വതന്ത്രമായി അന്വേഷിക്കട്ടെ. അവസാനവിധി വരട്ടെ. എന്നിട്ട് നമുക്കാലോചിക്കാം.
ഓരോ ദിവസവും ഓരോ കാര്യമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. സ്വർണക്കടത്തിൽ പിടികൂടിയവരെല്ലാം ബി.ജെ.പി, ലീഗ് പ്രവർത്തകരാണ്. അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്കെത്തുമെന്നായപ്പോൾ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. കെ.ടി. ജലീലിനെ സാക്ഷിയായാണ് വിളിപ്പിച്ചതെന്ന് അദ്ദേഹത്തിന് നൽകിയ നോട്ടീസിൽ എൻ.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ സ്വർണക്കടത്ത് കേസ് ഉയർന്നുവന്നപ്പോൾ യുക്തമായ ഏജൻസിയെ വച്ച് അന്വേഷിക്കട്ടെയെന്നാവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എൻ.ഐ.എ അഭിഭാഷകൻ അതിനെ കോടതിയിൽ അഭിനന്ദിക്കുകയുണ്ടായി. കെ.ടി. ജലീൽ സ്വർണം കടത്തിയെന്ന പ്രതീതിയുണർത്തുന്ന പ്രചാരണം നടത്തിയ പ്രതിപക്ഷനേതാവ് പിന്നീടങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞു. ഖുറാൻ വിതരണം ചെയ്തതിനെതിരെയായി പിന്നത്തെ സമരം.
യു.എ.ഇ കോൺസുലേറ്റാണ് വഖഫ് മന്ത്രിയെന്ന നിലയിൽ ജലീലിനെ ബന്ധപ്പെട്ട് ഖുറാൻ കോപ്പികൾ അദ്ദേഹത്തെ ഏല്പിച്ചത്. ഒരു തരി സ്വർണം വീട്ടിലാരും ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ആളാണ് ജലീൽ. അങ്ങനെ പറയാനാർക്കാവുമെന്നും കോടിയേരി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |