അടൂർ: അധികാരികൾക്ക് മുന്നിൽ നട്ടെല്ലുയർത്തി നടത്തിയ പോരാട്ടമാണ് കെ.സുകുമാരനെ കേരളത്തിന്റെ മഹാനായ പത്രാധിപരാക്കി മാറ്റിയതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റും എസ്.എൻ. ഡി.പി യോഗം അടൂർ യൂണിയനും സംയുക്തമായി നടത്തിയ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരികളുടെ മുന്നിൽ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ ആരുടേയും മുഖം നോക്കാതെ തുറന്നടിച്ചതുവഴിയാണ് അവശത അനുഭവിച്ച വലിയൊരു ജനവിഭാഗത്തിന്റെ ദുരിതങ്ങൾക്ക് പരിഹാരമായത്. ഒരു ജാതിയുടേയോ വ്യക്തിയുടേയോ സമുദായത്തിന്റെയോ മുഖം നോക്കാതെ മൂല്യച്യുതികൾക്കെതിരെ നടത്തിയ പോരാട്ടമാണ് മറ്റു പത്രാധിപന്മാരിൽ നിന്ന് പത്രാധിപർ കെ.സുകുമാരനെയും കേരളകൗമുദിയേയും വേറിട്ട് നിറുത്തിയതെന്നും ചിറ്റയം ഗോപകുമാർ ചൂണ്ടിക്കാട്ടി. തിന്മയെ നിരാകരിച്ചും നന്മയെ സ്വീകരിച്ചുമുള്ള പത്രപ്രവർത്തമാണ് കേരളകൗമുദിയെ എന്നും വേറിട്ട് നിറുത്തിയതെന്ന് പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തിയ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അഭിപ്രായപ്പെട്ടു. പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടും പത്രാധിപർ എന്ന പേരിൽ മാത്രം അറിയപ്പെടുന്നത് കെ.സുകുമാരന് മാത്രം ലഭിച്ച അംഗീകരമാണെന്നും പുനലൂർ സോമരാജൻ അഭിപ്രായപ്പെട്ടു.
അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിറ്റിലെ മികച്ച ബ്യൂറോ പ്രതിനിധിക്കുള്ള പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാരം അടൂർ പ്രദീപ് കുമാറിന് ചിറ്റയം ഗോപകുമാർ എം.എൽ.എ സമ്മാനിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖപ്രസംഗം നടത്തി. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ഡെസ്ക് ചീഫ് വിനോദ് ഇളകൊള്ളൂർ, ബ്യൂറോചീഫ് എം.ബിജു മോഹൻ, അടൂർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |