തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിന്റെ തുടർച്ചയായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും എൻ.ഐ.എയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃയോഗത്തിലും തീരുമാനം.
സർക്കാരിനെ തകർക്കാൻ അക്രമരാഷ്ട്രീയത്തിന്റെ കെട്ടഴിച്ചുവിടുകയാണ് പ്രതിപക്ഷമെന്ന് യോഗം വിലയിരുത്തിയതായി കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമസമരങ്ങളെ ഒറ്റക്കെട്ടായി നേരിടും. 29ന് തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പിന്നീടങ്ങോട്ടും ജില്ലാ, പ്രാദേശിക തലങ്ങളിൽ പ്രചാരണപരിപാടികൾ നടത്തും.
മുസ്ലിംലീഗ് നേതൃത്വത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സജീവമായതോടെ എല്ലാ വർഗീയശക്തികളെയും ഒന്നിച്ചണിനിരത്താനുള്ള ശ്രമമാരംഭിച്ചിരിക്കുന്നു. ജമാ അത്തെ ഇസ്ലാമി നേതൃത്വത്തെ ലീഗ് അംഗീകരിച്ചുകഴിഞ്ഞു. ഹാദിയ സോഫിയ പള്ളി വിഷയത്തിൽ പാണക്കാട് തങ്ങളുടെ ലേഖനം വർഗീയാഭിമുഖ്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയുടെ വർഗീയ നിലപാടിനോടും ഒരു വിരോധവുമില്ലെന്ന സമീപനമാണ്.
നാടിനെ വർഗീയമായി ധ്രുവീകരിക്കാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്താനാണ് തീരുമാനം. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായി നീങ്ങാനും ജില്ലാ, നിയോജകമണ്ഡലം, പ്രാദേശികതല യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.
അരങ്ങേറുന്നത് സമരാഭാസമാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിവരിച്ചു. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന പ്രതികരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി.ബി.സിയുടെയും മുസ്ലിം സംഘടനകളുടെയും മറ്റും പ്രതികരണങ്ങളാണ് സൂചിപ്പിച്ചത്. തുടർന്ന് സംസാരിച്ച കക്ഷിനേതാക്കളും സമാന പ്രതികരണങ്ങളാണ് നടത്തിയത്. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിലേക്ക് ജലീൽ വിവാദം മാറിയ സ്ഥിതിക്ക് യു.ഡി.എഫിന് തിരിച്ചടിയാകുന്ന വിലയിരുത്തലുമുണ്ടായി.
ജോസ് വിഷയം ചർച്ചചെയ്തില്ല
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഷയം മുന്നണിയോഗത്തിൽ ചർച്ചയായില്ല. ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നതായി എ. വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയനിലപാട് വ്യക്തമാക്കിയ ശേഷം സഹകരിപ്പിക്കുന്നത് ചർച്ച ചെയ്യും. യു.ഡി.എഫിലേക്ക് ഇനി പോകില്ലെന്ന സൂചനയാണുള്ളത്.
ഖുറാനെയും രാഷ്ട്രീയക്കളിക്ക് ആയുധമാക്കുന്നു: കോടിയേരി
മന്ത്രി കെ.ടി. ജലീലിനെതിരായ സമരത്തിൽ കോൺഗ്രസും മുസ്ലീം ലീഗും ബി.ജെ.പിയും സർക്കാരിനെ ഇകഴ്ത്താൻ പുണ്യഗ്രന്ഥമായ ഖുറാനെപ്പോലും രാഷ്ട്രീയ ആധുധമാക്കുന്നുവെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. വഖഫ് മന്ത്രിയെന്ന നിലയിൽ യു.എ.ഇ കോൺസുലേറ്റിന്റ റമദാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റമെന്നും അദ്ദേഹം ചോദിച്ചു.
'ഇന്ത്യയിൽ മോദി ഭരണമുള്ളത്കൊണ്ട് റമദാൻ കിറ്റും ഖുറാൻ വിതരണവും രാജ്യദ്രോഹമെന്ന് സർക്കാർ കൽപ്പനയുണ്ടോ? ഖുറാനോട് ആർ.എസ്.എസിനെപ്പോലെ അലർജി ലീഗിനും കോൺഗ്രസിനും എന്തിനാണ്. വരുന്ന അഞ്ച് വർഷവും അധികാരത്തിൽ നിന്ന് പുറത്തായാൽ ഉണ്ടാകുന്ന മനോവിഭ്രാന്തിയിൽ ഖുറാൻ വിരുദ്ധ ആർ.എസ്.എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലീംലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസും മത്സരിച്ച് ഒപ്പമുണ്ട്. അധികാരമോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് ലീഗ് നേതൃത്വം എത്തിയിരിക്കുന്നു. അതിന്റെ പ്രഖ്യാപനമാണ് ബി.ജെ.പിയല്ല, സി.പി.എമ്മാണ് ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ ലീഗ് തന്നെ മുന്നിട്ടിറങ്ങുമെന്നതിന്റെ വിളംബരമാണിത്.
ഖുറാനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽ.ഡി.എഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കാൻ പാടില്ലെന്നതു കൊണ്ടാണ്. ജലീലിനെ താറടിക്കാൻ ലീഗും കോൺഗ്രസും ആർ.എസ്.എസ് അജൻഡയുടെ വക്താക്കളായി. അതുകൊണ്ടാണ് ഖുറാനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തിലെത്തിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |