കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയിലൂടെ 1,190 ഹെക്ടർ തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചതായി കൃഷി വകുപ്പ്. സുഭിക്ഷ കേരളം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ഗൂഗിൾ മീറ്റ് അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
ഇതിൽ 552 ഹെക്ടറിൽ നെല്ലും 210 ഹെക്ടറിൽ കിഴങ്ങുകളും 143 ഹെക്ടറിൽ വാഴയും 103 ഹെക്ടറിൽ പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണവും ജൈവഗൃഹ നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണ്.
ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ 591 വലിയ ജലാശയങ്ങളിലും 131 പടുതാക്കുളങ്ങളിലും മത്സ്യക്കൃഷി പൂർത്തിയായി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘങ്ങൾ വഴി 180 ഏക്കറിൽ കൃഷി നടക്കുന്നുണ്ട്. 80 കോടി രൂപ വായ്പായിനത്തിൽ നൽകിയിട്ടുണ്ട്. 13 സംഘങ്ങൾ കാർഷികോല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലപരിമിതി നേരിടുന്ന സംഘങ്ങൾക്ക് മട്ടുപ്പാവിൽ കൃഷി പോലുള്ള സംവിധാനങ്ങൾ ആരംഭിക്കാനും വകുപ്പ് നിർദേശം നൽകി.
മുട്ടക്കോഴി വിതരണവും പോത്തുകുട്ടി വിതരണവുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ജില്ലയിലെ പതിമൂന്നോളം പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഡയറി ഡെവലപ്പ്‌മെന്റ് യൂണിറ്റ് തീറ്റപ്പുൽകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സുഭിക്ഷ കേരളം പദ്ധതി കൺവീനറും പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസറുമായ വി. ജയ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, ലീഡ് ബാങ്ക് മാനേജർ റീന സൂസൻ ചാക്കോ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തരിശ് തളിരിട്ടത്: 1,190 ഹെക്ടർ
നെല്ല്: 552 ഹെക്ടർ
കിഴങ്ങ്: 210 ഹെക്ടർ
വാഴ: 143 ഹെക്ടർ
പച്ചക്കറികൾ: 103 ഹെക്ടർ
''
സുഭിക്ഷകേരളം പദ്ധതിയുടെ നിർവഹണ ഘട്ടങ്ങളിൽ പ്രായോഗിക സമീപനവും സമയബന്ധിതമായ തുടർ പ്രവർത്തനങ്ങളും അനിവാര്യമാണ്.
ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |