കിളിമാനൂർ: പഴയകുന്നുമ്മൽ ആശാ പ്രവർത്തകരായ ഗീതയ്ക്കും ജലജയ്ക്കും ദീപ്തിക്കും അഭിനന്ദന പ്രവാഹം. ആശുപത്രിയിൽ എത്താൻ സാധിക്കാതെ പ്രസവവേദനയിൽ പുളഞ്ഞ സ്ത്രീയുടെ പ്രസവം എടുത്ത് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചാണ് ആശ പ്രവർത്തകർ മാതൃകയായത്.
കഴിഞ്ഞദിവസം രാവിലെ എട്ടു മണിയോട് കൂടിയാണ് സംഭവം. ഊമൻപള്ളിക്കര പുലിപ്പാറ വീട്ടിൽ സൗമ്യയുടെ പ്രസവമാണ് ആശാ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം നടന്നത്. രാവിലെ ജോലിക്ക് പോകാനായി ജലജയും ഗീതയും ദീപ്തിയും ഇറങ്ങിയപ്പോഴാണ് ജെ.പി.എച്ച്.എൻ ആയ ഷെറിന്റെ വിളി വരുന്നത്. വിവരം അറിഞ്ഞു പതിനൊന്നാം വാർഡിന്റെ ചുമതലയുള്ള ജലജയ്ക്ക് സഹായം ആയി ചെല്ലുകയായിരുന്നു പന്ത്രണ്ടാം വാർഡിലെ ആശാവർക്കർമാരായ ദീപ്തിയും ഗീതയും. ഫോണിൽ കൂടി ഇവർക്ക് വേണ്ട ധൈര്യവും നിർദ്ദേശങ്ങളുമായി കടയ്ക്കൽ ഗവ. ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ ഷീജയും ഷെറിൻ സിസ്റ്ററും ഉണ്ടായിരുന്നു. സൗമ്യയുടെ വീട്ടിൽ ചെല്ലുമ്പോൾ പ്രസവം എടുക്കാൻ വേണ്ട ചുറ്റുപാടോ കുഞ്ഞിനെ പൊതിയാനൊരു തുണിയോ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. മുൻപരിചയമോ സുരക്ഷാ ഉപകരണങ്ങളോ മതിയായ വെളിച്ചമോ പോലും ഇല്ലാതിരുന്നിട്ടും കൊവിഡ് ഭീഷണിയുൾപ്പെടെ മാറ്റി വച്ച് കടയിൽ നിന്ന് വാങ്ങിയ പുതിയ ബ്ലേഡുകൊണ്ട് പൊക്കിൾ കൊടി മുറിച്ച് മൂന്നു കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിനെ സുരക്ഷിതമായി അമ്മയിൽ നിന്നു വേർപെടുത്തി. 108 ആംബുലൻസ് കിട്ടാതെ വന്നതിനാൽ ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ ആംബുലൻസ് വിളിച്ചാണ് കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്. മഴപോലും വകവെയ്ക്കാതെ സ്‌ട്രെച്ചറിൽ എടുത്താണ് ആശമാർ ആംബുലൻസിൽ എത്തിച്ചത്. ആംബുലൻസിന്റെ കാശ് കൊടുക്കാൻ പോലും നിവർത്തി ഇല്ലാതിരുന്നതുകൊണ്ട് ആശമാർ തന്നെ അതും കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |