ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥികൾ ആരെന്നതിനെച്ചൊല്ലി മുന്നണികളിൽ ചർച്ചകൾ പുരോഗമിക്കുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം ഉറപ്പിച്ച യു.ഡി.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
പാർട്ടിയുടെ ഏത് തീരുമാനവും കൗൺസിലർമാർ അംഗീകരിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ പറഞ്ഞു. എന്നാൽ തീരുമാനം വൈകുന്നതിൽ ഒരു വിഭാഗം അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്തിരിക്കുന്ന മൂന്നുപേരിൽ മോളി ജേക്കബ് മുൻ നഗരസഭ അദ്ധ്യക്ഷയും ജ്യോതിമോൾ ഉപാദ്ധ്യക്ഷയുമായിരുന്നു. അതേസമയം സ്വതന്ത്രനായ ജോസ് ചെല്ലപ്പൻ വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് ചെല്ലപ്പന് വൈസ് ചെയർമാൻ സ്ഥാനം നൽകിയാൽ സാമുദായിക സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായി മോളി ജേക്കബിനെ അദ്ധ്യക്ഷയായി പരിഗണിച്ചേക്കില്ല. വൈസ്ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് മുസ്ലീംലീഗും രംഗത്തെത്തിയിട്ടുണ്ട്. നഗരസഭയിൽ സ്വതന്ത്രനെ കോൺഗ്രസ് വിലക്കെടുത്തുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ആരോപിച്ചു.
യു.ഡി.എഫിൽ മൂന്ന് പേരുകൾ
കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ നിന്ന് മൂന്നുപേരുകളാണ് യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നത്
പാലസ് വാർഡിൽ നിന്നുള്ള ഷോളി സി.എസ്, ബീച്ച് വാർഡിൽ നിന്നുള്ള മോളി ജേക്കബ്, തിരുവമ്പാടി വാർഡിൽ നിന്നുള്ള സി.ജ്യോതിമോൾ
രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ പ്രഖ്യാപനമുണ്ടായേക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |