മലബാർ ഗ്രൂപ്പിന് കീഴിലെ കൺവെൻഷൻ സെന്റർ താത്കാലികമായി സർക്കാരിന് വിട്ടുനൽകി
കോഴിക്കോട്: മലബാർ ഗ്രൂപ്പിന് കീഴിൽ ഫറോക്കിൽ ചാലിയാറിന്റെ തീരത്തുള്ള മറീന കൺവെൻഷൻ സെന്റർ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായി താത്കാലികമായി സർക്കാരിന് വിട്ടുനൽകി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൺവെൻഷൻ സെന്ററാണിത്.
ആറേക്കറിലായി 50,000 ചതുരശ്ര അടിയിൽ എയർകണ്ടീഷനിംഗ് സംവിധാനത്തോടെ നിർമ്മിച്ച സെന്ററിൽ ഒരേസമയം നിരവധി പേർക്ക് ചികിത്സാ നൽകാനാകും. അത്യാധുനിക ടോയ്‌ലെറ്റ്, വിശാലമായ പാർക്കിംഗ് ഏരിയ, ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യം, ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവയും ഇവിടെയുണ്ട്.
മലബാർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് സെന്റർ വിട്ടുനൽകിയത്. മികച്ച ചികിത്സാ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഇവിടെയൊരുക്കും. മലബാർ ഗ്രൂപ്പിന്റെ മലബാർ ഡെവലപ്പേഴ്‌സ് ആണ് 2016ൽ മറീന കൺവെൻഷൻ സെന്റർ നിർമ്മിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് ആനുപാതികമായി, കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സർക്കാരിന് ആരംഭിക്കേണ്ടി വരുമെന്നത് പരിഗണിച്ചാണ് സെന്റർ വിട്ടുനൽകിയതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയ്ക്ക് ഏറെ ഊന്നൽ നൽകുന്ന മലബാർ ഗ്രൂപ്പ് ലാഭത്തിന്റെ അഞ്ച് ശതമാനം ഇതിനായി മാറ്റിവച്ചിട്ടുണ്ട്. ഇതിനകം ഈയിനത്തിൽ 190 കോടി രൂപ ചെലവഴിച്ചു.
മലബാർ ചാരിറ്റബിൾ ട്രസ്‌റ്റ്, മലബാർ ഹൗസിംഗ് ചാരിറ്റബിൾ ട്രസ്‌റ്റ് എന്നിവ മുഖേനയാണ് മലബാർ ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |