പത്തനംതിട്ട: മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് പൊലീസുമായി രൂക്ഷമായ ഏറ്റുമുട്ടലിൽ കലാശിച്ചു. പെരുമഴയിൽ രണ്ട് മണിക്കൂറാേളം നഗരം യുദ്ധക്കളമായി. ലാത്തിയടിയേറ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെയും സംസ്ഥാന സെക്രട്ടറി ആബിദ് ഷഹിമിന്റെയും തല പൊട്ടി. രക്തം വാർന്ന് റോഡിൽ കിടന്ന ഇരുവരെയും പ്രവർത്തകർ താങ്ങിയെടുത്ത് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരുടെയും തലയിൽ ആഴത്തിൽ മുറിവേറ്റു. അഞ്ച് തുന്നിക്കെട്ടുകൾ വീതമുണ്ട്. വിശാഖ് വെൺപാല, ഷിന്റു തെനാലിൽ, എം.എം.പി. ഹസ്സൻ, ജിതിൻ ജി. നൈനാൻ, ജോയൽ മുക്കരണത്ത്, അൻസർ മുഹമ്മദ്, അനൂപ് വെങ്ങവിളയിൽ, റെനോ പി.രാജൻ, ഷിബു കാഞ്ഞിക്കൽ എന്നിവർക്കും പരിക്കേറ്റു. പൊലീസിന്റെ ജലപീരങ്കി പ്രയാേഗത്തിൽ വനിതാ പ്രവർത്തകരടക്കം തെറിച്ചു വീണു. ഇന്നലെ രാവിലെ പതിനൊന്നരയോടെ കളക്ടറേറ്റ് കവാടത്തിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടുലിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ ഒന്നരയോടെയാണ് അവസാനിച്ചത്.
രാവിലെ അബാൻ ജംഗ്ഷനിൽ നിന്ന് എം.ജി.കണ്ണന്റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ അറുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കളക്ടറേറ്റ് കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ബാരിക്കേഡ് പൊളിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അവിചാരിതമായി വെള്ളം ചീറ്റിയപ്പോൾ വനിതാ പ്രവർത്തക ഷിനു ദൂരേക്ക് തെറിച്ചുവീണു.
തുടർന്ന് കളക്ടറേറ്റിൽ നിന്നുള്ള വൺവേ റോഡിലേക്ക് എം.ജി കണ്ണനും പ്രവർത്തകരും ഒാടക്കിയറി. പിന്നാലെ ഒാടിയ പൊലീസ് പ്രവർത്തകരെ തടഞ്ഞു. ഇവിടെ വച്ചുണ്ടായ ഉന്തിലും തള്ളിലും നിരവധി പ്രവർത്തകർ താഴെ വീണു. വനിതാപ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് വാഹനത്തിലേക്ക് കയറ്റിയതിനു പിന്നാലെ എം.ജി. കണ്ണന്റെ നേതൃത്വത്തിൽ വീണ്ടും പൊലീസ് വലയം ഭേദിക്കാൻ ശ്രമിക്കവെയാണ് ലാത്തിച്ചാർജുണ്ടായത്.
പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി. അബാൻ ജംഗ്ഷൻ ഉപരോധിച്ച് നടത്തിയ യോഗം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. പഴകുളം മധു, എ.സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
25പേർക്കെതിരെ കേസ്
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷമുണ്ടാക്കിയതിന് എം.ജി കണ്ണനടക്കം 25പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തതായി പത്തനംതിട്ട പൊലീസ് അറിയിച്ചു.
"യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തന്നെയും പ്രവർത്തകരെയും തല്ലിച്ചതച്ചത്. കളക്ടറേറ്റ് മാർച്ച് കഴിഞ്ഞ് പിരിഞ്ഞു പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു."
എം.ജി കണ്ണൻ,
ജില്ലാ പ്രസിഡന്റ് ,
യൂത്ത് കോൺഗ്രസ്
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പ്രകോപനമില്ലാതെ വേട്ടയാടുകയായിരുന്നു.
പി.മോഹൻരാജ്,
മുൻ ഡി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |