തിരുവനന്തപുരം : കൊവിഡ് ബാധിതനായി മരണത്തെ മുഖാമുഖം കണ്ട കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി ടൈറ്റസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് പ്രതിസന്ധികൾക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 20 ദിവസം കോമാ സ്റ്റേജിലുൾപ്പെടെ 43 ദിവസം വെന്റിലേറ്ററിലായിരുന്ന ടൈറ്റസാണ് ( 54) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മത്സ്യ വിൽപനക്കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലായ് ആറിനാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐ.സിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവൻരക്ഷാ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകി. ആറു ലക്ഷം ചെലവിട്ട് വെന്റിലേറ്ററിൽ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ച് 30 തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കി.
ജൂലായ് 15ന് കൊവിഡ് നെഗറ്റീവായെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഓഗസ്റ്ര്17 വരെ വെന്റിലേറ്ററിലും ഐ.സി.യുവിലും തുടർന്നു. 21ന് വാർഡിലേക്ക് മാറ്റി. ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് വെള്ളിയാഴ്ച ആശുപത്രി വിട്ടു.
സ്വകാര്യ ആശുപത്രിയിൽ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നൽകിയത്. രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതു കൂടിയാവണം ഇത്തരം സംഭവങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലുള്ളത് വ്യാപനശേഷി കൂടിയ വൈറസ്
വ്യാപനശേഷി കൂടിയ, ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകളാണ് കേരളത്തിലുള്ളതെന്നാണ് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പഠനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാനത്തു നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തി. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിൽ ഒഡീഷ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അയൽ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തിൽ വലിയ ആഘാതം സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മത്സ്യവ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽ 3000പേർ
സംസ്ഥാനം ഇതുവരെ കണ്ടതിൽ ഏറ്റവും ഉയർന്ന സമ്പർക്കപ്പട്ടികയാണ് ഇടുക്കി നെടുങ്കണ്ടത്തെ മത്സ്യാവ്യാപാരിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 3,000 ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു. ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ 48 പേർക്കും ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കുമളി എട്ടാംമൈൽ മുതൽ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ, കമ്പംമേട് തുടങ്ങി അതിർത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.
ആശങ്കയായി കൊവിഡ് മരണ നിരക്ക് ഉയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് 18 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഈ മാസം 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാർത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരൻ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണൻ (62), തൃശൂർ രാമവർമ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാർ (29), 17ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദൻ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമൻ (65), തൃശൂർ സ്വദേശി ലീലാവതി (81), തൃശൂർ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബർ 11ന് മരണമടഞ്ഞ നാഗർകോവിൽ സ്വദേശി രവിചന്ദ്രൻ (59), 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എൽ. ജോൺ (66), 8ന് മരണമടഞ്ഞ കാസർകോട് സ്വദേശി ചന്ദ്രൻ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർകോട് സ്വദേശിനി നാരായണി (90) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ ആകെ മരണം 519 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |