കേണിച്ചിറ: റേഷൻ കാർഡ് പ്രകാരം സമ്പന്നരാണ് പൂതാടി പഞ്ചായത്ത് 20ാം വാർഡ് നെല്ലിക്കര കുറ്റിക്കാംവയൽ കോളനിയിലെ ബിനീഷും കുടുംബവും. എന്നാൽ ജീവിതമോ നരകതുല്യവും.
സ്വന്തമായി സ്ഥലമില്ല. ആകെയുള്ളത് ചോർന്നൊലിക്കുന്ന ചെറിയൊരു വീട്. നാല് മക്കൾ. ലോക്ഡൗണായതിനാൽ കൂലിപ്പണി പോലുമില്ല. അടുപ്പ് പുകയാത്ത ദിവസങ്ങളാണധികവും.
ഇത്രയും ദുരിതമനുഭവിക്കുന്ന കാട്ടുനായ്ക്ക കുടുംബത്തിന് അധികൃതർ നൽകിയത് സമ്പന്നർക്ക് നൽകുന്ന വെള്ള റേഷൻ കാർഡ്. ബിനീഷും ഭാര്യ ബിന്ദുവും കൂലിപ്പണിയെടുത്താണ് നാലു മക്കളെ പോറ്റുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. കൂലിപ്പണി നിലച്ചു. വെള്ള കാർഡുമായി റേഷൻ കടയിൽ ചെന്നാൽ ഒരു മാസം ആകെ കിട്ടുന്നത് മൂന്ന് കിലോ അരിമാത്രം.
കടം വാങ്ങി മടുത്തു. വീട് നൽക്കുന്ന സ്ഥലമാണ് ആകെയുള്ള സമ്പാദ്യം. അതിനു തന്നെ കൃത്യമായ രേഖകളില്ല. റേഷൻ കാർഡ് പ്രകാരം സമ്പന്ന കുടുംബമായതിനാൽ ഇവർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. വായ്പയ്ക്കോ മറ്റ് ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കാൻ കഴിയില്ല. എത് സഹായത്തിന് അപേക്ഷിക്കണമെങ്കിലും റേഷൻ കാർഡ് വേണം. ആദിവാസി വിഭാഗങ്ങൾക്കുള്ള പദ്ധതികൾക്ക് പോലും ഈ കുടുംബത്തിന് അപേക്ഷിക്കാൻ കഴിയുന്നില്ല.
10,9,6,3 ക്ലാസുകളിലായാണ് മക്കൾ പഠിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. ലോക്ഡൗൺ കാരണം മക്കൾ വീട്ടിലിരിക്കുന്നതിനാൽ നാലുനേരവും അന്നത്തിനുള്ള വക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ബിനീഷും ബിന്ദുവും. വായ്പയെടുത്ത് ടി.വി. വാങ്ങിയതിനാൽ മക്കളുടെ ഓൺലൈൻ പഠനം നടക്കുന്നുണ്ട്.
വെള്ള റേഷൻ കാർഡിന്റെ ചതി മനസിലായതോടെ ദാരിദ്ര്യ രേഖക്കു താഴെയുള്ളവരുടെ ഗണത്തിലേക്ക് മാറാനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഉടൻ ശരിയാക്കാമെന്ന മറുപടി മാത്രമാണ് എപ്പോഴും ലഭിക്കുന്നതെന്ന് ബിനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |