ആലപ്പുഴ: ജില്ലയുടെ തീരമേഖലയിൽ കൊവിഡ് വ്യാപനം പ്രതിദിനം വർദ്ധിക്കുന്നത് ആശങ്കയുയർത്തുന്നു. ഇന്നലെ തീരദേശ പഞ്ചായത്തുകളായ പുറക്കാടിന്റെ തെക്കൻമേഖലയിലും ആലപ്പുഴ, അമ്പലപ്പുഴ തെക്ക്, ആറാട്ടുപുഴ, പുന്നപ്രയിലുമാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ ജില്ലയിൽ 348 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾ വിദേശത്തുനിന്നും 61 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 11476
ഒറ്റദിവസം 14 പേർക്ക് രോഗം, ഭീതിയിൽ തകഴി
അമ്പലപ്പുഴ: ഇന്നലെ മാത്രം കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തകഴി ഭീതിയിൽ. 87 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ തകഴി ജംഗ്ഷന് സമീപമുള്ള വസ്ത്ര വ്യാപാര ശാലയിലെ മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.തുടർന്ന് ഈ സ്ഥാപനം അടച്ചു. തകഴി ജംഗ്ഷൻ മുതൽ കുന്നുമ്മ വരെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് ശുപാർശ നൽകി. കഴിഞ്ഞ ദിവസം കുന്നുമ്മയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ കുട്ടിക്കും മാതാപിതാക്കൾക്കും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 10 പേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിന് വീട്ടുകാർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ പറഞ്ഞു.
കേസ് 40, അറസ്റ്റ് 18
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 40 കേസുകളിൽ 18 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 203 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 983 പേർക്കും എതിരെ നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |