തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളിൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി ബിജുപ്രഭാകറിന് നോട്ടീസ് നൽകി. കസ്റ്റംസ് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പ് തുടങ്ങി. ഈന്തപ്പഴ വിതരണത്തിന്റെ കണക്ക് ലഭ്യമാക്കണമെന്ന് ജില്ലാ ഓഫിസർമാർക്ക് ബിജുപ്രഭാകർ നിർദേശം നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് പല അനാഥാലയങ്ങളിലും സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നേരത്തെ ഖുറാൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്നും വിശദീകരണം തേടിയിരുന്നു.
2017 മുതൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്കാണ് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിക്കാൻ ശ്രമിക്കുന്നത്. 2017ലാണ് സംസ്ഥാനത്തെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുളള അനാഥാലയങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് യു.എ.ഇ കോൺസുലേറ്റ് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാർഗത്തിലൂടെ നികുതി ഒഴിവാക്കി യു.എ.ഇയിൽ നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇങ്ങനെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിൽ എത്തിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിൽ വിതരണത്തിനായി എത്തിച്ച ഈന്തപ്പഴത്തിന്റെ തൂക്കത്തെ കുറിച്ചടക്കമുളള വിവരങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |