
മലയിൻകീഴ്: വിളപ്പിൽശാല ഗവ.ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്.
മരണപ്പെട്ട വിളപ്പിൽ കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയാൻ മൻസിലിൽ ബിസ്മീർ (37), ചികിത്സ കിട്ടാതെ ആശുപത്രിക്ക് പുറത്ത് വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിലുള്ളത്.
ഇക്കഴിഞ്ഞ 19ന് പുലർച്ചെ 1 ഓടെയാണ് ബിസ്മീറിന് കടുത്ത ശ്വാസംമുട്ടലും അസ്വസ്ഥതയും
അനുഭവപ്പെട്ട് വിളപ്പിൽശാല ആശുപത്രിയിലെത്തിക്കുന്നത്.
ബിസ്മീർ ഭാര്യ ജാസ്‌മിനുമായി ആശുപത്രിയിലെത്തുന്നതും,ആശുപത്രി അധികൃതരെ വിളിക്കുന്നതുമാണ് സി.സി ടിവി ദൃശ്യങ്ങളിലുള്ളത്. ബിസ്മീർ നെഞ്ചുതടവി അബോധാവസ്ഥയിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തങ്ങളെത്തുമ്പോൾ ആശുപത്രി ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്ന് ജാസ്മിൻ പറയുന്നു. പലതവണ ബെല്ല് അടിച്ചശേഷമാണ് സെക്യൂരിറ്റിയും മറ്റ് ജീവനക്കാരുമെത്തി വാതിൽ തുറന്നത്. തുടർന്ന് ജാസ്മിൻ ബഹളം വച്ചപ്പോഴാണ് ജീവനക്കാർ പുറത്തേയ്ക്ക് വന്നത്. അപ്പോഴേക്കും ബിസ്മീറിന്റെ ആരോഗ്യസ്ഥിതി മോശമായി.
ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടും ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ജാസ്മിൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ നിലനിറുത്താനാകുമായിരുന്നുവെന്നും പരാതിയിലുണ്ട്.
എന്നാൽ കഴിഞ്ഞയാഴ്ചയും ബിസ്മീർ ഇതേ അസുഖവുമായി ഇവിടെ എത്തിയിരുന്നതായും, അന്ന് പ്രാഥമിക ചികിത്സ നൽകിയിരുന്നതായും ആശുപത്രി അധികൃതർ പറയുന്നു. 19ന് എത്തിയപ്പോൾ പഴയ കുറിപ്പടിയുമായി മെഡിക്കൽകോളേജ് ആശുപത്രിയിലെത്താനാണത്രേ ആശുപത്രി അധികൃതർ പറഞ്ഞത്. തുടർന്ന് ആശുപത്രി ആംബുലൻസിലാണ് ബിസ്മീറിനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഈ ആംബുലൻസിൽ ഓക്സിജൻ പോലുമുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബിസ്മീറിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നൽകാവുന്ന ചികിത്സയെല്ലാം നൽകിയാണ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചതെന്ന് വിളപ്പിൽശാല ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രമ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |