ആലപ്പുഴ: കൊവിഡിനെ തുടർന്ന് കട്ടപ്പുറത്തായ അന്തർ സംസ്ഥാന സർവ്വീസ് ബസുകൾ നിരത്തിലിറങ്ങാൻ കൊതിക്കുന്നു. വിവിധ ജില്ലകളിൽ നിന്ന് സംസ്ഥാനത്തിനകത്ത് 50ഉം തമിഴ്നാട് കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് 140 ബസുകളുമാണ് സർവീസ് നടത്തിയിരുന്നത്.
ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ ആറു മാസമായി ഓട്ടമില്ലാതെ കിടക്കുന്നു. അന്തർ സംസ്ഥാന ബസ് സർവീസ് ബുക്കിംഗ് ഏജൻസികളും ദുരിതത്തിലാണ്. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ സ്‌കൂൾ വിനോദയാത്രകൾ റദ്ദാക്കിയിരുന്നു. അന്നു തുടങ്ങിയതാണു ടൂറിസ്റ്റ് ബസ് സർവീസ് മേഖലയിലെ പ്രതിസന്ധി. ജില്ലയിൽ 25 അംഗീകൃത ബുക്കിംഗ് ഏജൻസികളുണ്ട്. അംഗീകാരമില്ലാത്തവ വേറെയും.120 തൊഴിലാളികളാണ് അംഗീകൃത ഏജൻസികളിൽ മാത്രം ജോലി ചെയ്യുന്നത്.
സാധാരണ ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാൻ 50 മുതൽ 60 ലക്ഷം വരെ വേണം. വോൾവോ, സ്കാനിയ ബസുകൾക്ക് ഒന്നരകോടി വരെ ചെലവ് വേണ്ടിവരും. പലരും ഫിനാൻസ് കമ്പനിയുടെ വായ്പയിലാണു ബസുകൾ വാങ്ങുന്നത്. മാസം തിരിച്ചടവ് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ വരും. സർവീസ് മുടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ഉടമകൾ പറയുന്നു.
തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ സർവീസ് നടക്കുന്നത്. നിലവിൽ തമിഴ്നാട് സർക്കാർ സർവീസിന് അനുമതി നൽകണമെങ്കിൽ ഓട്ടം ഇല്ലാതെ കിടന്ന ആറു മാസത്തെ റോഡ് നികുതി കൊടുക്കണമെന്ന നിബന്ധന മറ്റൊരു പ്രതിസന്ധിയായി. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയൽ കേസ് നിലനിൽക്കുന്നുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ മൂന്ന് ഡ്രൈവർമാർ, രണ്ട് വീതം അറ്റൻഡർ, ക്ളീനർ എന്നിങ്ങനെ വേണം. ശമ്പളത്തിന് പുറമേ പ്രതിദിനം 1400 മുതൽ 2400 രൂപ വരെ ലഭിച്ചിരുന്നു.
എലി ശല്യം
സർവീസ് നിലച്ച ബസുകൾക്ക് ഭീഷണിയായിരിക്കുന്നത് എലികളാണ്. ബസുകളിലെ ഇലക്ട്രിക് വയറുകളും സീറ്റുകളും ഇവ നശിപ്പിക്കുന്നു. ബസിന്റെ ബാറ്ററികളും ഉപയോഗശൂന്യമായി.
ചലനമില്ലാത്തതിനാൽ ടയറുകളും നാശത്തിൻറ്റെ വക്കിലാണ്.
നഷ്ടക്കണക്ക്
# ബാറ്ററി: 25,000
# ഇൻഷ്വറൻസ്: 25,000- 95,000
# ശമ്പളം (ഡ്രൈവർ)-7,000
#നികുതി മൂന്ന് മാസത്തേക്ക്- 30,000- 60,000
# കർണ്ണാടകയിൽ ഒരുമാസം: 60,000- 80,000
# തമിഴ്നാട്ടിൽ ഒരുമാസം: ഒരു ലക്ഷം
ഏജൻസികൾ പട്ടിണിയിൽ
അന്തർ സംസ്ഥാന യാത്രക്കാരിൽ 60 ശതമാനവും വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമാണ്. ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനമാണ് ഏജൻസികൾക്ക് ലഭിക്കുന്നത്. ബുക്കിംഗ് ഓഫീസിന്റെ പ്രവർത്തനത്തിന് കുറഞ്ഞത് മൂന്ന് ജീവനക്കാർ വേണം. മാസം കുറഞ്ഞത് 30,000 രൂപ ഓഫീസിനു വേണ്ടി ചെലവാകും. മാസം 500 റിസർവേഷനെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ ഏജൻസി ഉടമകൾക്ക് എന്തെങ്കിലും മിച്ചം കിട്ടുകയുള്ളൂവെന്ന് അന്തർ സംസ്ഥാന ബസ് സർവീസ് ബുക്കിംഗ് ഏജൻസി ജില്ലാ പ്രസിഡന്റ് സട്ടജൻ ആന്റണി മോഴിപ്പറമ്പിലും സെക്രട്ടറി ബിനു ഒമേഗയും വ്യക്തമാക്കി.
...................................
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസ് ഉടമകളെ സഹായിക്കാൻ സർക്കാർ തയ്യാറാകണം. സർവീസ് പുനരാരംഭിക്കുമ്പോൾ ആറു മാസത്തെ റോഡ് ടാക്‌സ് ഒഴിവാക്കണം. ക്ഷേമനിധി ബോർഡിൽ നിന്ന് സഹായമോ പലിശ രഹിത വായ്പയോ നൽകണം
ബസ് ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |