കിളിമാനൂർ: കൊവിഡ് പ്രതിസന്ധിയും ലോക്ക്‌ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളെ വീണ്ടുവലച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ഓണക്കാലത്തെ വിലക്കയറ്റം ഒരു പരിധിവരെ തടഞ്ഞുനിറുത്താൻ സാധിച്ചെങ്കിലും പിന്നീട് വിലക്കയറ്റം കയറുപൊട്ടിക്കുന്ന കാഴ്ചയായിരുന്നു. രാവിലെ ചായകുടിച്ച് തുടങ്ങുന്ന മലയാളിയെ വിഷമത്തിലാക്കി തേയിലയുടെ വിലയാണ് ഏറെ ഉയർന്നത്. നാൽപ്പത് രൂപയുടെ വർദ്ധനയാണ് തേയില വിലയിൽ ഉണ്ടായത്. ഉത്പാദനം കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മറ്റ് സാധനങ്ങളുടെ വിലയും റോക്കറ്റുപോലെയാണ് ഉയരുന്നത്. മുളക്, കൊച്ചുള്ളി എന്നിവയുടെ വിലയിലാണ് കൂടുതൽ വർദ്ധന. രണ്ട് സാധനങ്ങൾക്കും 10 രൂപവരെ വില ഉയർന്നു. മുളകിന്റെ സീസൺ കഴിഞ്ഞതാണ് ഇതിന് പ്രധാന കാരണം. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടലാണ് ഓണക്കാലത്ത് മലയാളിക്ക് ഒരു പരിധിവരെ ആശ്വാസമായത്. സർക്കാർ അനുവദിച്ച ഓണക്കിറ്റും പ്രതിസന്ധി കുറച്ചു. എന്നാൽ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ പലർക്കും ജോലിയില്ലാത്ത അവസ്ഥയാണ്. ഇതിനോടൊപ്പമാണ് വിലക്കയറ്റവും സാധാരണക്കാരന്റെ നടുവൊടിക്കുന്നത്. ഇത് എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിൽ പകച്ചു നിൽക്കുകയാണ് എല്ലാവരും.
വില വർദ്ധനവ് ഇങ്ങനെ
( സാധനങ്ങൾ- പഴയവില- നിലവിലെ വില)
പയർ- 95 -100
ഉഴുന്നുപരിപ്പ് - 110 -112
കടല- 65 - 70
വെള്ളക്കടല- 85-90
കടലപ്പരിപ്പ് -80 -85
വട പരിപ്പ്- 80 -85
ഗ്രീൻ പീസ്- 160 -150
മുളക്- 130 -140
മല്ലി- 85 -85
കൊച്ചുള്ളി- 50 - 60
സവാള -30 - 35
വെളിച്ചെണ്ണ- 160 -165
തേയില- 160 - 200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |