തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് കുതിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ പ്രതിദിന വർദ്ധന 923 വരെ എത്തി നിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും കണക്കുകൾ വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിലെ 95 ശതമാനവും സമ്പർക്ക രോഗികളാണ്. അതിൽ രോഗലക്ഷണമുള്ളവർ 18 ശതമാനം മാത്രമാണ്. ഇതുവരെ ജില്ലയിൽ 26,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ 7000കടന്നു. സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണ് ജില്ലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രാമങ്ങളിലേക്കും രോഗവ്യാപനം കൂടുകയാണ്. മന്ത്രിയും ആരോഗ്യവകുപ്പ് വിദഗ്ദ്ധരും കളക്ടറുമായി ജില്ലയിലെ സ്ഥിതി ഗതികളെപ്പറ്റി ചർച്ച ചെയ്തിരുന്നു. പല സ്ഥലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുമ്പോഴും പലപ്പോഴും പാലിക്കാപ്പെടാത്തതാണ് സ്ഥിതി വഷളാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗവ്യാപനം രൂക്ഷമായ നഗരത്തിൽ ജില്ലഭരണകൂടം പുതിയ ആക്ഷൻ പ്ളാൻ ആവിഷ്‌കരിച്ചിരുന്നു. താഴെ തട്ടിലെ പഞ്ചായത്ത് തലത്തിലുള്ള പ്രാദേശിക സംഘങ്ങളെ രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം. നിലവിലെ ഈ സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ദിവസം 1000 സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുന്നുണ്ട്. ഇത് 2000 ആക്കാനാണ് തീരുമാനം. ജില്ലയിൽ ഇപ്പോൾ പൾസ് ഓക്സീമീറ്റർ പരിശോധന നടത്തുന്നുണ്ട്. രോഗം നേരത്തെ കണ്ടെത്തുന്നതിനായി രക്തത്തിലെ ഓക്സിജന്റെ അളവ് പരിശാധിക്കുന്ന പൾസ് ഓക്സീമീറ്റർ ഉപയോഗം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. വൃദ്ധർ, കുട്ടികൾ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവർക്കാണ് ഇത് വഴി കൂടുതൽ പരിശോധന നടത്തുക. തിരക്ക് നിയന്ത്രിക്കാൻ ഓരോ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നൽകിയിരുന്നു. ജില്ലയിലാകെ 30 സ്‌ക്വാഡുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ഊർജിതമാക്കും.
കൂടുതൽ നിർദ്ദേശങ്ങൾ
തിരക്കുള്ള സ്ഥലങ്ങളിൽ പരിശോധന വർദ്ധിപ്പിക്കും
പൊതു സ്ഥലങ്ങളിൽ കൂടുതൽ കിയോസ്‌കുകൾ
രോഗമില്ലാത്ത പ്രദേശങ്ങളിൽ കൂടുതൽ പ്രതിരോധം
തീരദേശ മേഖലകളിൽ ക്ളസ്റ്റർ തിരിച്ചുള്ള പരിശോധന
പ്രതിരോധത്തിന് പൊലീസിനും പ്രത്യേക നിർദ്ദേശം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |