ചെന്നൈ: പ്രശസ്ത നർത്തകിയും ദക്ഷിണേന്ത്യൻ സിനിമയിലെ പഴയകാല നായിക നടിയുമായിരുന്ന കെ.വി. ശാന്തി (മെരിലാൻഡ് ശാന്തി-81) കോടമ്പാക്കത്ത് അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ ശശികുമാരൻ നായർ. ഏക മകൻ: ശ്യാം കുമാർ. മരുമകൾ: ഷീല. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.
കോട്ടയം ഏറ്റുമാനൂരിൽ ജനിച്ച ശാന്തി ചെറുപ്പകാലത്തു തന്നെ മദ്രാസിലെത്തി. നൃത്തത്തിലെ മികവാണു സിനിമയിലേക്കു വഴി തുറന്നത്. കൊൽക്കത്തയിലെ പ്രശസ്തമായ ഉദയശങ്കർ രവിശങ്കർ നാട്യ ഗ്രൂപ്പിലെ പ്രധാന നർത്തകിയായി തിരഞ്ഞെടുക്കപ്പെട്ടതാണു വഴിത്തിരിവായത്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൃത്തം അവതരിപ്പിച്ചു. 1953ൽ പൊൻകതിർ സിനിമയിലെ ഗാനരംഗത്തിൽ നർത്തകിയായി വേഷമിട്ടു.
1957ൽ മെരിലാൻഡ് നിർമ്മിച്ച പാടാത്ത പൈങ്കിളി എന്ന സിനിമയിൽ പ്രേം നസീറിനൊപ്പം ഉപനായികയായാണു അഭിനയ അരങ്ങേറ്റം. എസ്.പി. പിള്ളയാണ് സിനിമയിലെത്തിച്ചത്. പിന്നീട് മെരിലാൻഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായതോടെയാണു മെരിലാൻഡ് ശാന്തി എന്നറിയപ്പെട്ടത്.
ആന വളർത്തിയ വാനമ്പാടി, കറുത്തകൈ, കാട്ടുമൈന, പട്ടു തൂവാല, പ്രിയതമ, പോസ്റ്റ്മാൻ, ചട്ടമ്പിക്കവല, കന്യാകുമാരി എന്നിവയാണു പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ പ്രേം നസീർ, സത്യൻ, ജമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയ പ്രമുഖ നായകർക്കൊപ്പവും അഭിനയിച്ചു. 1975ൽ പുറത്തിറങ്ങിയ ഭാര്യയില്ലാത്ത രാത്രിയാണു അവസാന ചിത്രം. വിവാഹശേഷം അഭിനയരംഗത്തു നിന്നു മാറി നിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |