ഇൻഡോർ : ഇൻഡോറിൽ ഒരു സർക്കാർ ആശുപത്രി മോർച്ചറിയിൽ നിന്നും 11 ദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തിയതിന്റെയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന്റെയും ഞെട്ടൽ വിട്ട് മാറുന്നതിന് മുന്നേ നഗരത്തിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാർത്ത.
ഇൻഡോറിലെ യുണീക് ആശുപത്രിയിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ച 87കാരന്റെ മൃതദേഹം ഒരു വെള്ള ബോഡി ബാഗിലാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. എന്നാൽ മൃതദേഹം കാണാനിടയായ ബന്ധുക്കൾ ഞെട്ടി. മരിച്ചയാളുടെ മുഖവും കാലും കടിയേറ്റ് വികൃതമാക്കിയ നിലയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
മരിച്ചയാളുടെ കണ്ണിലും മുഖത്തും ചെവിയിലും കാലിലും എലി കരണ്ടതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചതായാണ് വിവരം. തിരക്കേറിയ മെയിൻ റോഡരികിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ പുറത്ത് സ്ട്രെച്ചറിൽ മൃതദേഹമടങ്ങിയ ബോഡി ബാഗുമായി ബന്ധുക്കൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ അനിതീയാണ് കാട്ടിയതെന്നും ഇതിന് ഉത്തരവാദിത്വം പറയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ബോഡി ബാഗിന് പുറത്ത് രക്തക്കറകളുടെ ദൃശ്യമായിരുന്നു.
വെള്ളിയാഴ്ചയാണ് വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |