കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ വീണ്ടും പരാതി പ്രവാഹം. ജില്ലയിൽ നിന്നുമാത്രമായി 180 കോടിയിലേറെ രൂപ തട്ടിയെടുത്തതായിട്ടാണ് പ്രാഥമിക നിഗമനം. പൊലീസ് സ്‌റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ കൈയിലുള്ള സർട്ടിഫിക്കറ്റുകളും ബോണ്ടുകളും പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തലാണിത്.
ഇതുവരെ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ച പരാതി 3,542 എണ്ണമാണ്. ഇതിൽ 1,542 എണ്ണം കൊല്ലം സിറ്റി പൊലീസിന് കീഴിലും ബാക്കി റൂറൽ പൊലീസിലുമാണ്. റൂറൽ പൊലീസിൽ പരാതി അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. അതാത് പൊലീസ് സ്‌റ്റേഷനിൽ പരാതി വാങ്ങി രജിസ്റ്റർ ചെയ്യുകയാണ് ചെയ്യുന്നത്. ഹൈക്കോടതിയുടെ അന്തിമവിധി കൂടി പരിഗണിച്ചാകും തുടർ നടപടി.
ഒരു പരാതിക്കാർ തന്നെ വിവിധ ബോണ്ടുകളിലായിട്ടാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ചെറിയ നിക്ഷേപങ്ങൾ കുറവാണ്. കുട്ടികളുടെ പേരിലും കുടുംബത്തിലെ വിവിധ അംഗങ്ങളുടെ പേരിലും നിക്ഷേപം നടത്തുകയും എന്നാൽ അത് ഒരു വിലാസത്തിൽ മാത്രം രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
നിക്ഷേപങ്ങളിൽ ആറ് മാസം മുൻപുവരെയും സ്വീകരിച്ച രസീതുകൾ ഉണ്ട്. പോപ്പുലർ ഫിനാൻസ് വൈകാതെ കുരുക്കിലാകുമെന്ന് രഹസ്യമായി അറിഞ്ഞ ബ്രാഞ്ച് മാനേജർമാരായിരുന്ന അപൂർവം ചില ജീവനക്കാർ അവരുടെ നേതൃത്വത്തിൽ എടുത്ത നിക്ഷേപങ്ങൾ പലർക്കും പിൻവലിപ്പിച്ച് കൊടുത്തതിനാൽ കുറെപ്പേർ നിക്ഷേപം നഷ്ടമാകാതെ രക്ഷപ്പെട്ടു. ഇത്തരത്തിൽ നിക്ഷേപം തിരിച്ച് ചോദിച്ചപ്പോൾ പല ബ്രാഞ്ചിനും കൊടുക്കാൻ ഹെഡ് ഓഫീസിൽ നിന്ന് തയ്യാറായിരുന്നില്ലെങ്കിലും നേരിട്ടെത്തി ബലമായി വാങ്ങിയവരും ഉണ്ട്.
പരാതികൾ
സിറ്റി പൊലീസ്: 1,542
റൂറൽ പൊലീസ്: 2,000
ആകെ: 3,542
സ്രോതസ് പേടിയിൽ പരാതിയില്ല
പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താനാകാത്ത നിരവധിപേർ നിക്ഷേപ തട്ടിപ്പിന് ഇരായായിട്ടുണ്ടെങ്കിലും ഇവർ പരാതിപ്പെട്ടിട്ടില്ല. അൻപത് ലക്ഷം മുതൽ ഒരു കോടി വരെ ഇങ്ങനെ നിക്ഷേപിച്ച വമ്പൻമാരുണ്ടെന്നാണ് സൂചന. ഇതിൽ ഏറ്റവും കൂടുതൽ പൊലീസ് ഓഫീസർ കാറ്റഗറിയിൽ ജോലിചെയ്യുന്നവരും ഡോക്ടർമാരും ബിസിനസുകാരുമാണ്. പലേടത്തും പച്ചക്കറി ഹോൾസെയിൽ നടത്തുന്ന നിരവധിപേരുടെ പണവും നഷ്ടപ്പെട്ടതായി അറിയുന്നു. എന്നാൽ വസ്തു വിറ്റ് മക്കളെ അയയ്ക്കാനായി കാത്തിരുന്നവരും ശമ്പളത്തിൽ നിന്നും മറ്റും മിച്ചം പിടിച്ച് കുട്ടികൾക്കായി കാത്തുവച്ച് നിക്ഷേപിച്ചവരും ഇടത്തരം സാമ്പത്തിക അവസ്ഥയിൽ ജീവിക്കുന്നവരുമാണ് കുടുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |