മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രമുഖ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശിനെ ഇന്നലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.
കരിഷ്മ മുമ്പ് ജോലി ചെയ്തിരുന്ന ടാലന്റ് ഹണ്ട് സ്ഥാപന സി.ഇ.ഒ ധ്രുവ് ചിറ്റ് ഗോപിക്കറും ഒപ്പമുണ്ടായിരുന്നു. നാലര മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തു. രണ്ടുപേർക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻ.സി.ബിയുടെ കണ്ടെത്തൽ.
കരിഷ്‌മ, ദീപിക പദുക്കോണുമായി ഡ്രഗ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങൾ എൻ.സി.ബിയ്ക്ക് ലഭിച്ചിരുന്നു. തനിക്ക് ഹാഷ് വേണമെന്ന് ദീപിക കരിഷ്‌മയോട് ചാറ്റിൽ ചോദിച്ചിരുന്നു. ദീപികയോട് ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.സി.ബി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുൾപ്പെടെ എട്ടോളം പേർ അറസ്റ്റിലായിരുന്നു. റിയയുടെ മൊഴി പ്രകാരം ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് എൻ.സി.ബി അറിയിച്ചു. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ മുംബയ് കോടതി ഇന്ന് പരിഗണിക്കും. റിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 6 വരെ നീട്ടിയിരുന്നു. ബൈക്കുള ജയിലിൽ കഴിയുന്ന റിയ തനിക്ക് ഡ്രഗ് ഡീലർമാരുമായി ബന്ധമുണ്ടെന്ന എൻ.സി.ബിയുടെ വാദം തള്ളിക്കളഞ്ഞു.
അപവാദങ്ങൾക്കെതിരെ ദിയ മിർസയും
ജീവിതത്തിൽ ഇതുവരെ താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തന്റെ പേര് മയക്കുമരുന്ന് കേസിൽ വലിച്ചിഴയ്ക്കുന്നതിൽ സങ്കടമുണ്ടെന്നും നടി ദിയ മിർസ. വിവാദ മയക്കുമരുന്ന് വ്യാപാരി അഞ്ജു കേശ്വാനിയുമായി ദിയ ചാറ്റ് ചെയ്തുവെന്നും ഇരുവരും തമ്മിൽ മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |