ദോഷം പറയരുത്, ഒരുപാട് നാളായി പത്തനംതിട്ടക്കാർ ആ കാഴ്ചയ്ക്ക് കൊതിച്ചിരിക്കുകയായിരുന്നു. ഒന്നടിക്കൂ, പ്ളീസ് എന്ന് മനസിൽ പലവട്ടം പറഞ്ഞതാണ്. ഒാരോ തവണ കളക്ടറേറ്റ് മാർച്ച് നടക്കുമ്പോഴും തങ്ങൾ പ്രതീക്ഷയോടെ, ആവേശത്തോടെ വന്നു നിന്നിട്ടുണ്ട്. ഒരു ലാത്തിയടി കാണാൻ. പൊലീസിന്റെ വരുൺ വണ്ടിയിൽ നിന്ന് വെള്ളം ചീറ്റുന്നതു കാണാൻ. പ്രവർത്തകർ തെറിച്ചു വീഴുന്നതു കാണാൻ. ഇന്നും നടന്നില്ല എന്ന നിരാശയോടെ തിരികെ പോയിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പൊരിഞ്ഞ അടി ടി.വിയിലൂടെയേ കണ്ടിട്ടുള്ളൂ. ആരോടു പറയാൻ. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസുകാർക്ക് പൊലീസിന്റെ ലാത്തിയടി വാങ്ങാനുള്ള ധൈര്യമില്ലെന്ന് പറഞ്ഞ് എല്ലാവരും പരിഹസിക്കും
മുതിർന്ന നേതാക്കൾ പലവട്ടം ഉപദേശിച്ചിട്ടുണ്ട്, 'മക്കളെ, രണ്ട് അടി കിട്ടിയാലേ നേതാവാകൂ. ഞങ്ങളൊക്കെ വളർന്നു കയറിയത് അങ്ങനാ". എത്ര പറഞ്ഞാലും കേട്ടാലും ലാത്തി കാണുമ്പോഴേ വിറച്ചു മാറും യൂത്ത് കുട്ടികൾ. പരിഹസിച്ചവരോടൊക്കെ, നേതൃത്വം നൽകാൻ, പ്രതികരിക്കാൻ തങ്ങൾക്കൊരു പ്രസിഡന്റുണ്ടോ എന്ന് കുട്ടികൾ തിരിച്ചു ചോദിച്ചിട്ടുണ്ട്. അന്നൊന്നും എ ക്കാരും ഐ ക്കാരും മിണ്ടിയില്ല. ഇപ്പോൾ ഒരു ജില്ലാ പ്രസിഡന്റിനെ കിട്ടി. ആള് പുലിയാ എന്നല്ല, കിടുവാ എന്നു പറയണം. ജില്ലാ പഞ്ചായത്തംഗമാണ്. പ്രത്യേകിച്ച് ഗ്രൂപ്പില്ല. നല്ല തടിമിടുക്കുണ്ട്. പണ്ട് ആർ.എസ്.എസ് ശാഖയിൽ പോയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഡി.വൈ. എഫ്.എക്കാർ അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ അതുമതി പൊല്ലാപ്പാകാൻ.
സാരഥിയുടെ സമയം
ഏതായാലും, പോർക്കളത്തിൽ നാഥനില്ലാതെ പലപാടും ചിതറി നിന്ന യൂത്തൻമാർക്ക് മുന്നിലേക്ക് കൃഷ്ണനെപ്പോലെ സാരഥിയെത്തി. മുന്നിൽ നിന്ന് നയിക്കാനെത്തിയ സാരഥിയുടെ സമയം നല്ലതായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം കനക്കുന്നു. അനുയായികളുമായി രണ്ട് തവണ കളക്ടറേറ്റ് മാർച്ച് നടത്തി.
പൊലീസിനെ ചീത്ത വിളിച്ചും പ്രകോപിപ്പിച്ചുമായിരുന്നു പ്രകടനങ്ങൾ. ഒന്നും രണ്ടും തവണ ബാരിക്കേഡ് തകർക്കാൻ നോക്കി. മുള്ളുകമ്പിയിൽ പിടിച്ച് വലിച്ച് അണികളുടെ കയ്യിലെ ചോരപൊടിഞ്ഞു. ചവിട്ടിമറിക്കാൻ നോക്കിയ കാലുകളിൽ കമ്പികൾ തറഞ്ഞു. വരുൺ വണ്ടി വന്നതേയില്ല. ലാത്തി പൊലീസിന്റെ കൈക്കുള്ളിൽ മിനുസപ്പെട്ടതല്ലാതെ ഒരു തുള്ളി ചോര പറ്റിയിട്ടില്ല. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ ചൊല്ല്. മൂന്നാം മാർച്ച് ഒരു സംഭവമാകണമെന്ന് സാരഥിയും കൂട്ടരും തീരുമാനിച്ചു. അടിക്കാത്ത പൊലീസിനെ അടി പഠിപ്പിക്കണം. വെറും ഉന്തും തള്ളും പോര. അതുക്കും മേലെ ആയാലെ പൊലീസ് തല്ലൂ. വിവരം പുറത്തു പോകരുതെന്ന രഹസ്യ നിർദേശം കേട്ട അണികൾക്ക് പക്ഷെ, പിടിച്ചുനിൽക്കാനായില്ല. എങ്ങാനും അടി കിട്ടിയാലോ എന്ന് ഉള്ളിൽ കാളൽ. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെ ചില നേതാക്കൾ പാതിരാത്രിയിൽ വിളിച്ചുവത്രെ. നാളത്തെ മാർച്ചിൽ സംഗതി കുഴപ്പമായേക്കും. 'ഇൗ മുഖം ഒാർമയിൽ വച്ചേക്കണം. മേല് നോവിക്കാതെ വിട്ടേക്കണം" ഖദർക്കൂട്ടത്തിൽ തിരിച്ചറിയാൻ കറുപ്പ് ധരിക്കണമെന്ന പൊലീസ് ഏമാന്റെ ഉപദേശം നേതാവ് അനുസരിച്ചു. ഉറ്റസുഹൃത്തിനെയും അടിയിൽ നിന്ന് രക്ഷിക്കാൻ കറുപ്പണിയിച്ചു. വെളുപ്പുകൾക്കിടയിലെ കറുപ്പുകളെ വെറുതേ വിട്ടേക്കാൻ പൊലീസ് ഏമാൻ താഴേക്ക് ഉത്തരവ് നൽകി. മൂന്നാം പക്കം മാർച്ചിനെ നേരിടാൻ പൊലീസ് വരുൺ വാഹനമെത്തിച്ചു. യൂണിഫോമിൽ നെയിംബോർഡ് ഇല്ലാത്ത, ലാത്തിക്ക് പകരം കൂർത്ത മുനകളുള്ള ഇൗറ്റക്കമ്പുകൾ കയ്യിലേന്തിയ എ.ആർ ക്യാമ്പിലെ പൊലീസ് പിള്ളേരെ ഇറക്കി. വരുണിന്റെ ജലപീരങ്കിയിൽ നാലുപാടും തെറിച്ചുപോയ സമരനേതാക്കൾ കളക്ടേറേറ്റിലേക്ക് ഒാടിക്കയറാൻ നടത്തിയ ശ്രമവും പരാജയമായി. മുൻനിര നേതാക്കൾ പൊലീസുമായി കൊമ്പുകോർത്തപ്പോൾ കറുപ്പുകാർ പിന്നിലേക്ക് വലിഞ്ഞു.
അടിക്കല്ലേ, കൊല്ലല്ലേ...
അടികൊണ്ടേ അടങ്ങൂ എന്ന വാശിയിൽ പൊലീസ് വലയം ഭേദിക്കാൻ ഇടിച്ചുകയറിയവർക്ക് പൊതിരെ കിട്ടി. തല്ലുകൊണ്ട് ശീലമില്ലാത്തവർക്ക് മുന്നിൽ ചോര തെറിച്ചു വീണപ്പോൾ പതറി. കറുപ്പണിഞ്ഞവർ സ്ഥലം വിട്ടു. പൊലീസ് വളഞ്ഞു വച്ച് തല്ലിയപ്പോൾ അവർ അലമുറയിട്ടു. അടിക്കല്ലേ... കൊല്ലല്ലേ സാർ..., നിലവിളി ആര് കേൾക്കാൻ. പ്രധാന നേതാക്കളുടെ തല പൊട്ടി. തുന്നിക്കെട്ടുകളുമായി അവർ വീട്ടിലേക്ക് മടങ്ങി. രണ്ട് മണിക്കൂർ നീണ്ട തെരുവ് യുദ്ധം പത്തനംതിട്ടക്കാർക്ക് പുതുമയുള്ള കാഴ്ചയായി. അടി കാണാനെത്തി പലതവണ നിരാശപ്പെട്ട് മടങ്ങിയവർ അന്നു പറഞ്ഞു, പൊളിച്ചളിയാ!!!.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |