മോസ്കോ: യേശു ക്രിസ്തുവിന്റെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിച്ച ആൾദൈവത്തെ കയ്യോടെ പൊക്കി റഷ്യൻ പൊലീസ്. സെർജി ടോറൊപ് (59) ആണ് പിടിയിലായത്.
യേശു ക്രിസ്തുവിന്റെ പുനർജന്മമാണെന്നും പറഞ്ഞ് വിശ്വാസികളെ കൈയിലെടുത്ത് അവരെ മാനസികമായി ചൂഷണം ചെയ്ത സെർജി അവരിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു.
സൈബീരിയയിൽ വച്ച് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തിൽ ഹെലികോപ്ടറുകളുടെയും സായുധ സേനയുടെയും അകമ്പടിയോടെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് അനുയായികൾക്കിടെയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. സെർജിയെ ഹെലികോപ്ടർ വഴിയാണ് സൈബീരിയയിൽ നിന്നും പൊലീസ് കൊണ്ടുപോയത്. ഒരു മുൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ സെർജി അനുയായികൾക്കിടെയിൽ ' വിസാരിയോൺ ' എന്നാണ് അറിയപ്പെട്ടിരുന്നത്.
മുടിയും താടിയും നീട്ടി വളർത്തി, യേശുവിന്റെ രൂപത്തിലും ഭാവത്തിലുമെത്തിയ ഇയാൾ അനുയായികളെ മാനസികമായി തന്റെ അടിമകളാക്കി മാറ്റുകയായിരുന്നു. 1989ൽ ട്രാഫിക് പൊലീസിലെ ജോലി പോയ സെർജിയ്ക്ക് ഒരു പ്രത്യേക ' ബോധോദയം ' ഉണ്ടായതായും തുടർന്നാണ് 1991ൽ ' ദ ചർച്ച് ഒഫ് ലാസ്റ്റ് ടെസ്റ്റമെന്റ് ' എന്ന സംഘടന രൂപീകരിച്ച് സ്വയം ആത്മീയ നേതാവായെന്നുമാണ് പറയുന്നത്.
വളരെ വേഗം ശക്തനായ ആത്മീയ നേതാവായി വളർന്ന സെർജിയ്ക്ക് സൈബീരിയൻ വനാന്തര മേഖലയിൽ 20 ഓളം ആരാധനാലയങ്ങളും 4,000 ത്തിലധികം അനുയായികളുമുണ്ട്.
സെർജിയുടെ ജന്മദിനമായ ജനുവരി 14നാണ് അയാളുടെ അനുയായികൾ ക്രിസ്‌മസ് ആചരിച്ചിരുന്നത്. യേശു ഭൂമിയോടടുത്തുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും യേശു മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടെന്നും കന്യാമറിയമാണ് റഷ്യയെ നയിക്കുന്നതെന്നുമായിരുന്നു സെർജി ആദ്യം അനുയായികൾക്ക് മുന്നിൽ അവതരിപ്പിച്ച തത്വം. എന്നാൽ വൈകാതെ 'ഞാനാണ് യേശു" എന്ന് ഇയാൾ പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |