തിരുവനന്തപുരം: കൊല്ലത്തെ പാർട്ടി സംഘടനാ തർക്കവുമായി ബന്ധപ്പെട്ട വിഷയം ഇന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. വിഷയത്തിൽ ചൂടേറിയ ചർച്ചയാവും യോഗത്തിലുണ്ടാവുക. സി.പി.എം നേതാക്കളുടെ മക്കളെ ചൊല്ലിയുയർന്ന വിവാദങ്ങൾ ഇടതുസർക്കാരിന് പ്രതിച്ഛായാദോഷമുണ്ടാക്കിയെന്ന് ഇന്നലെ ആരംഭിച്ച യോഗത്തിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, സ്വർണക്കടത്ത് വിവാദമടക്കം ഉയർത്തി പ്രതിപക്ഷം കൊണ്ടുവന്ന രാഷ്ട്രീയാരോപണത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് പൂർണ പിന്തുണ നൽകാനാണ് പാർട്ടി തീരുമാനം. വിവാദങ്ങളിൽ മുഖ്യമന്ത്രി നടത്തിയ ചില പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കാൻ വഴിയൊരുക്കിയെന്ന അഭിപ്രായവുമുയർന്നു. നാലര വർഷത്തിനിടയിൽ സർക്കാർ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. എന്നാൽ,ആ നേട്ടങ്ങളെ തകർക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്ന് തിരിച്ചറിഞ്ഞുള്ള പ്രതിരോധത്തിന് ഇടതുമുന്നണി തീരുമാനിച്ചതായി സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. കേരള കോൺഗ്രസ്- ജോസ് വിഭാഗം രാഷ്ട്രീയനിലപാട് പരസ്യമാക്കിയ ശേഷം മതി സി.പി.ഐ നിലപാട് പറയാനെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. അതേസമയം, ജോസിനെ പാടേ തള്ളുന്ന നിലപാട് സി.പി.ഐയിൽ നിന്നുണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസിന്റെ വരവിനെ തങ്ങളായിട്ട് തടഞ്ഞുവെന്ന പഴി കേൾപ്പിക്കേണ്ടെന്നാണ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |