തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ പ്രതിപക്ഷത്തിനെ വിമർശിച്ചും സർക്കാരിനെ പിന്താങ്ങിയും വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിൽ ജലീലിനെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും ചർച്ച ചെയ്‌തുവെന്ന് ചില റിപ്പോർട്ടുകൾ വന്നു. അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല.അത്തരം വാർത്തകൾക്ക് സത്യവുമായി ബന്ധമില്ല. ഇടത് മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഐ പ്രവർത്തിക്കുന്നു. ഇടത് മുന്നണിയെ അടിക്കാനുളള വടിയല്ല സിപിഐ എന്നും കാനം അഭിപ്രായപ്പെട്ടു.
നയപരമായ കാര്യങ്ങളിൽ വ്യതിചലിക്കുമ്പോൾ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ മാത്രമാണ് പാർട്ടി പ്രതികരിക്കാറ്. അതല്ലാതെ സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനമല്ല. പാർലമെന്ററി ജനാധിപത്യത്തെ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്.സ്വർണക്കടത്ത് കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്രിനെ ചുറ്റിപറ്റി മാത്രമാണ് നടക്കുന്നതെന്ന് കാനം വിമർശിച്ചു.
മന്ത്രി കെ.ടി ജലീലിന് ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. സർക്കാരിന്റെ കാറിൽ തന്നെ പോകാമായിരുന്നുവെന്നും കാനം പറഞ്ഞു. സംസ്ഥാന സർക്കാരിനെ സംശയ നിഴലിൽ നിർത്താനാണ് ബിജെപി ശ്രമം. അവർക്കൊപ്പം ചേർന്ന് പ്രതിപക്ഷവും സർക്കാരിനെതിരെ സമരം ചെയ്യുന്നു. ആ സമരം അക്രമ സമരമാണ്. ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമാണതെന്നും കാനം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |