ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിലെ ഓഫ് സെറ്റ് കരാർ പ്രകാരമുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിൽ ഫ്രഞ്ച് കമ്പനിയായ ദസോ വീഴ്‌ച വരുത്തിയെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി ) കണ്ടെത്തി. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വച്ച സി.എ.ജി റിപ്പോർട്ടിലാണ് ഈ പരാമർശം. ഇതോടെ റാഫേൽ കരാർ വീണ്ടും വിവാദത്തിലായി.
ഇന്ത്യയ്‌ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ 2015ൽ മോദി സർക്കാരും ഫ്രഞ്ച് സർക്കാരും 59,000 കോടി രൂപയുടെ കരാറാണുണ്ടാക്കിയത്. ഈ തുകയുടെ 30 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമാണ് സാങ്കേതികവിദ്യാ കൈമാറ്റം. ഇതുപ്രകാരം ദസോയുടെ പാർട്‌ണറും മിസൈൽ നിർമ്മാണ കമ്പനിയുമായ എം.ബി.ഡി.എ, ഭാരം കുറഞ്ഞ വിമാനങ്ങളുടെ (എൽ.സി.എ) കാവേരി എൻജിൻ സാങ്കേതിക വിദ്യ ഡി.ആർ.ഡി.ഒയ്‌ക്ക് കൈമാറേണ്ടതായിരുന്നു. കമ്പനി സാങ്കേതികവിദ്യ കൈമാറുമെന്ന് ഉറപ്പില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചെന്നും കാവേരി എൻജിൻ വികസനം തടസപ്പെടാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.എ.ജി ശുപാർശ ചെയ്യുന്നു.
2005ലെ ചട്ടം:
300 കോടിയിൽ കൂടുതലുള്ള പ്രതിരോധ ഇടപാടുകളിൽ വിദേശ കമ്പനി കരാർ തുകയുടെ 30 % രാജ്യത്തെ പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിൽ നിക്ഷേപിക്കണമെന്നാണ് 2005ലെ ചട്ടം. ഇത് നേരിട്ടുള്ള വിദേശ നിക്ഷേപമായോ ഇന്ത്യൻ കമ്പനികൾക്ക് സൗജന്യമായി സാങ്കേതികവിദ്യ കൈമാറിയോ, ഇന്ത്യൻ കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങിയോ നിറവേറ്റാം. ഇതിനായി വിദേശ കമ്പനി ഒരു ഇന്ത്യൻ കമ്പനിയെ പങ്കാളിയാക്കണം. അനിൽ അംബാനിയുടെ റിലയൻസ് ഏറോസ്‌പേസിനെയാണ് ദസോ പങ്കാളിയാക്കിയത്. ഇതിലാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഴിമതി ആരോപിച്ചത്. ഇത് സി.എ.ജി പരാമർശിക്കുന്നില്ല. ദസോ ഏവിയേഷൻ, എം.ബി.ഡി.എ, സഫ്രാൻ ആൻഡ് തേൽസ് എന്നീ കമ്പനികളിലൂടെ ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നാണ് 2016ലെ ഓഫ്‌സെറ്റ് കരാറിലുള്ളത്.
കരാർ തുകയുടെ 30 ശതമാനത്തിൽ 3.5 % മാത്രമാണ് നേരിട്ടുള്ള വിദേശ നിക്ഷേപമായി എത്തിയത്. റിലയൻസ് എയ്‌റോസ്‌പേസ് പോലുള്ള ഇന്ത്യൻ കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങാനാണ് ദസോ താത്‌പര്യം കാണിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം നടന്നിട്ടില്ല. പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ പുനരവലോകനം നടത്തണമെന്നും സി.എ.ജി ആവശ്യപ്പെടുന്നു.
2005-2018ൽ വന്നത് 66,427 കോടിയുടെ 46 ഓഫ്‌സെറ്റ് കരാറുകൾ.
2018നുള്ളിൽ ഇതിൽ 19,233 കോടി ലഭിക്കണമായിരുന്നു.
ലഭിച്ചത് വെറും 11,396 കോടി
ഇതിൽ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത് 5,457 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |