പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റോഡ് വികസനത്തിനും അറ്റകുറ്റപ്പണിക്കുമായി ജില്ലയ്ക്ക് കിട്ടിയത് 59 കോടി. സംസ്ഥാനത്ത് ആകെ 225കാേടിയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. കനത്ത മഴ തുടരുന്നത് കാരണം നവംബറിൽ തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് റോഡ് പണികൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. പ്രധാന ജോലികളുടെ ടെൻഡർ നടപടികൾ അടുത്തയാഴ്ച പൂർത്തിയാകുമെന്ന് പൊതുമാരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ പറഞ്ഞു. ബി.എം ആൻഡ് ബി.സി അടിസ്ഥാനത്തിൽ മൂന്ന് പാതകളിലാണ് പുനർനിർമ്മാണം നടത്തുന്നത്.
മുൻ വർഷങ്ങളിൽ ശബരിമല തീർത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ട ശേഷമാണ് പണികൾ പൂർത്തീകരിച്ചത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് സൂചന. തൊഴിലാളികളുടെ ക്ഷാമവുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികളിൽ എൺപത് ശതമാനവും. ലോക് ഡൗണിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങിയവർ പകുതിയും തിരികെ വന്നിട്ടില്ല. തിരിച്ചു വന്നാൽ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഒരുക്കേണ്ടത് കരാറുകാരാണ്.
കരാറുകാർ ഉടക്കിൽ
മുൻ നിർമ്മാണ പ്രവൃത്തികളുടെ കുടിശിക കൊടുത്തു തീർക്കാനുള്ളതിനാൽ പുതിയ പണികൾ ഏറ്റെടുക്കുന്നതിന് കരാറുകാർ താൽപ്പര്യം കാട്ടുന്നില്ല. പൊതുമരാമത്തിന്റെ എല്ലാ പണികളുടെയും കരാർ തുക ലഭിക്കാനുണ്ടെന്ന് ഗവ. കോൺട്രാക്ടർമാരുടെ സംഘടനാ ഭാരവാഹി അനിൽ ഉഴത്തിൽ പറഞ്ഞു. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന നാൾക്കുനാൾ വർദ്ധിക്കുമ്പോൾ പണി ചെയ്തതിന്റെ ബിൽ തുക കിട്ടാതിരുന്നാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്.
ശബരിമല പാത: ജില്ലയിലെ പ്രധാന പണികൾ
തിരുവല്ല- കുമ്പഴ റോഡിൽ മിനി സിവിൽ സ്റ്റേഷൻ മുതൽ കുമ്പഴ വരെ- 5 കോടി
റാന്നി ചേത്തോങ്കര - അത്തിക്കയം റോഡിൽ 7.4 കിലോമീറ്റർ - 5 കോടി
റാന്നി മുക്കട -ഇടമൺ റോഡ് 4.77 കിലോമീറ്റർ - 2 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |